കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
അമ്പാടി നാരായണപ്പൊതുവാൾ: സരസനായ ഒരു കാഥികനാണു് പൊതുവാൾ. രസികരഞ്ജിനി, വിദ്യാവിനോദിനി മുതലായ മാസികകളിൽ അക്കാലത്തു പ്രസിദ്ധപ്പെടുത്തിയിരുന്ന അനേകം കഥകൾ കൂട്ടിച്ചേർത്തു ‘കഥാസൗധം’ എന്ന പേരിൽ നാലു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ശൃംഗാരക്കൊഴുപ്പുകൊണ്ടാണു് സൗധത്തിൻ്റെ ശിലകൾ ഓരോന്നും പടുത്തിട്ടുള്ളത്. അന്നത്തെ പ്രണയഗതിയും ദാമ്പ ത്യബന്ധവുമൊക്കെ ഇന്നുള്ളവർക്കു നേരംപോക്കായി തോന്നുമായിരിക്കാം. എങ്കിലും അവയെല്ലാം എത്രയും രസികതയോടുകൂടി പ്രകാശിപ്പിക്കുവാൻ പൊതുവാൾക്കു സാധിച്ചിട്ടുണ്ട്. എം. ആർ. കെ. സി.യെപ്പോലെ ചില ചരിത്രസംഭവങ്ങളും പഴങ്കഥകളും പൊതുവാൾ തൻ്റെ ചെറുകഥകൾക്കു പശ്ചാത്തലമാക്കാതിരുന്നിട്ടില്ല. രസികത പൊതുവാളിൻ്റെ എല്ലാ കൃതികളുടേയും ഒരു പ്രത്യേകതയാണു്. കഥകൾക്കു പേരിടുന്ന തിൽപ്പോലും അതു പ്രത്യക്ഷമായിക്കാണാം. വളകൊണ്ട വനിത, നീറി തെളിഞ്ഞ കൂറു്, ആദരിച്ച പാതിര, കാട്ടുവള്ളിയുടെ കൂട്ടുകെട്ട്, കൊച്ചപ്പൻ്റെ കോച്ചല് മുതലായ പ്രയോഗങ്ങൾ നോക്കുക.
കെ. സുകുമാരൻ: ഫലിതപ്രിയനും പരിഹാസ ചതുരനുമായ സുകുമാരൻ്റെ കഥകൾ പൊതുവാളിൻ്റെ കഥകളേക്കാൾ സരസങ്ങളാണ്. ഭാഷാപോഷിണി മുതലായ മാസികകളിൽ സുകുമാരൻ എഴുതിക്കൊണ്ടിരുന്ന ഓരോ കഥയും അന്നത്തെ വായനക്കാരെ എത്രമാത്രം രസിപ്പിച്ചിരുന്നുവെന്നു പറയുവാൻ പ്രയാസം. സംഭാഷണചാതുര്യമാണു് അദ്ദേഹത്തിൻ്റെ കഥകൾക്കു ജീവൻ നല്ലന്നതു്. ഫലിതമയമായ ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരിപോലെ നല്കുന്ന ഉത്തരങ്ങളും വയനക്കാരെ ഇരുത്തി രസിപ്പിക്കുവാൻ പോരുന്നവതന്നെ. ‘ഞാനും എൻ്റെ പേടിയും’, ‘കൂനിയുടെ ചികിത്സ’, ‘എൻ്റെ ശൃംഗാരശ്ലോകങ്ങൾ’ മുതലായ കഥകൾ എത്രമാത്രം ഫലിതമയങ്ങളാണെന്നു പറയേണ്ടതില്ല.
പനിനീർ കുസുമം പോലെ മനോഹരമാണ് സുകുമാരകഥകൾ ഓരോന്നും. പക്ഷേ, ചില പുഴുക്കുത്തുകൾ പൊതുവെ സംഭവിച്ചുപോയി എന്നുമാത്രം. കഥാകൃത്തിനു ശൃംഗാരത്തോടുള്ള അതിരറ്റ പ്രണയം കൊണ്ടു വന്നുചേർന്നിട്ടുള്ള ഒരു ദോഷമാണതു്. ശൃംഗാരം എന്നു പറഞ്ഞാൽ ഒരുതരം മൂരിശ്ശൃംഗാരം — സീതമണിധരണീദേവന്മാർ പ്രയോഗിച്ചിരുന്ന ഒരുതരം അശ്ലീല ശൃംഗാരം.
