ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

മാധവിക്കുട്ടി: നല്ല കഥകൾ പലതും എഴുതിയിട്ടുള്ള ഒരു കാഥികയാണു് മാധവിക്കുട്ടി. സാക്ഷാൽ നാമധേയം വായനക്കാരിൽ അധികംപേർക്കും നിശ്ചയമില്ല. നാലപ്പാട്ടു ബാലാമണിയമ്മയുടേയും, മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്റർ വി. എം. നായരുടേയും പുത്രിയായി 1932 മാർച്ച് 31-ാംതീയതി ജനിച്ച ശ്രീമതി നാലപ്പാട്ടു കമലയാണു്, മാധവിക്കട്ടി എന്ന തൂലികാനാമത്തിൽ കഥാരംഗത്തു വിഹരിച്ചുകൊണ്ടിരിക്കുന്ന ഈ മാന്യയുവതി. മുത്തശ്ശിയോട്ട് ഏറ്റവും പ്രിയമായിരുന്നതിനാലാണത്രേ. മാധവിക്കുട്ടിയെന്ന മുത്തശ്ശിയുടെ നാമധേയം ഇവർ സ്വീകരിച്ചതു്. ഭർത്താവിൻെറ പേർ മാധവദാസ് എന്നാകയാൽ കമലാദാസ് .കെ. ദാസ് എന്നീ പേരുകളിൽ ‘Illustrated weekly of India, P.E.N. മുതലായവയിലും ഇവർ ലേഖനങ്ങളെഴുതാറുണ്ടു്. മലയാളത്തിൽ ‘പത്തു കഥകൾ’, ‘മതിലുകൾ’, നരിച്ചീറുകൾ പറക്കുമ്പോൾ, ചുവന്ന പാവാട, പക്ഷിയുടെ മരണം, തരിശുനിലം എന്നു തുടങ്ങിയ കഥാസമാഹാരങ്ങൾ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. കഥകൾ ഓരോന്നും ചിന്താബന്ധുരമെന്നേ പറയേണ്ടു. വിശിഷ്ട കവിയായ പ്രമാതുലൻ്റേയും (നാലപ്പാട്ടു നാരായണമേനോൻ) പ്രശസ്ത കവയിത്രിയായ ബാലാമണിയമ്മയുടേയും പാരമ്പര്യത്തിൽ വളർന്ന മാധവിക്കുട്ടിയുടെ സാഹിത്യരചനയിലും ദാർശനികതയുടെ നിഴലാട്ടം സംഭവിക്കുന്നുവെങ്കിൽ അതു സ്വാഭാവികം മാത്രമാണു്. അധികമെണ്ണവും ചില മൗലിക തത്ത്വങ്ങളെ ആസ്പദമാക്കിയാണു് എഴുതിയിട്ടുള്ളതു്. നിരാശാജനകമല്ലാത്ത ഒരു വിഷാദാത്മകതയും ചിലതിൽ നിഴലിച്ചുകാണാം. “മനുഷ്യൻ എന്നും തനിച്ചാണു് നില്ക്കുന്നതു്. അവൻ്റേതായ അച്ചുതണ്ടിന്മേൽ അവൻ തനിച്ചു തിരിയുന്നു. താൻ തനിച്ചാണെന്നുള്ള ഈ വിചാരം, ഈ ഏകാന്തത, പ്രായമായിത്തുടങ്ങുന്ന ഈ മനുഷ്യന്നുമാത്രമല്ല, എല്ലാ മനുഷ്യനും അനുഭവപ്പെടുന്നു. മനുഷ്യർക്കിടയിൽ എന്നുമെന്നും ചെറിയ മതിലുകൾ ഉയർന്നുവരുന്നു. പണത്തിൻ്റെ, നിറവ്യത്യാസത്തിൻ്റെ അഭിപ്രായവ്യത്യാസത്തിൻ്റെ – അങ്ങനെ നൂറുനൂറു ചെറിയ മതിലുകൾ. അവ നീക്കാനോ, ജീവിതത്തിൻ്റെ ലക്ഷ്യമായ ആനന്ദം നേടാനോ വഴികളുണ്ടായിരിക്കണം. പക്ഷേ, ഓരോരുത്തനും അവനവൻ്റെ പ്രശ്നത്തിൽ അവൻ്റേതായ ഒരു ഉത്തരം കിട്ടാറുണ്ടു്. ഒരുപക്ഷേ, അതാവാം ശരിയായ ഉത്തരം.” മതിലുകൾ എന്ന കഥയിലെ കഥാപാത്രത്തിൻ്റെ സ്വയം വിചാരണയിൽനിന്നാണു് ഈ ഭാഗം ഉദ്ധരിച്ചിട്ടുള്ളതു്. കഥാകർത്രിയുടെ ചിന്താഗതിയുടെ ഏകദേശരൂപവും വായനക്കാർക്ക് ഇതിൽ നിന്നൂഹിക്കാവുന്നതാണല്ലോ.

കാഥികന്മാരും കാഥികകളുമായി ഇനിയും പലരെപ്പറ്റിയും പ്രസ്താവിക്കുവാനുണ്ട്. എന്നാൽ അവരിൽ ചിലരുടെ പേരുപറയുവാൻ മാത്രമേ ഇവിടെ തരമാകുന്നുള്ളു. പുളിമാന പരമേശ്വരൻപിള്ള (കാമുകി), സി. അച്യുതക്കുറുപ്പ് (ദീപനാളം, പുതിയ പ്ലാൻ തുടങ്ങിയ കൃതികൾ), എം. ഗോവിന്ദൻ (റാണിയുടെ പട്ടി etc.), വേളൂർ കെ. സി. തോമസ് (നിഴലും നിലാവും, സാഹസിക), കോന്നിയൂർ നരേന്ദ്രനാഥ്’ (ചക്രവാളത്തിനപ്പുറം), ജെ. സി. കുററിക്കാട്ട് (ഇരട്ടുവീണ വഴിത്താരകൾ), കെ.എ.ജബ്ബാർ (ചാമ്പയ്ക്ക, നിശ്ശബ്ദഗോപുരം), മാവേലിക്കര അച്ഛുതൻ (മറുനാടൻകഥകൾ, മോളിയും മറ്റെട്ടു കഥകളും), വി. വി. കെ. വാലത്തു” (ഇനി വണ്ടിയില്ല), പി. അയ്യനേത്തു് (പരിസരം കത്തുന്നു), കളവംകോട്ടു ബാലകൃഷ്ണൻ (ഓർമ്മകൾ), ജോർജ്ജു് നെല്ലായി (കടലാസ്സുകൾ, മുല്ലമൊട്ടുകൾ), പപ്പനംകോട്ടു പ്രഭാകരൻ (കാത്തിരിക്കുന്ന കഥാപാത്രങ്ങൾ), സി. എൻ. ശ്രീകണ്ഠൻനായർ (തിളയ്ക്കുന്ന മണ്ണ്, സിന്ദൂരപ്പൊട്ട് ), പുത്തേഴത്തു ഭാസ്‌കരമേനോൻ (പുനർവിവാഹം), വറുഗീസ് കാഞ്ഞിരത്തിങ്കൽ (പൂനിലാവു പരക്കുന്നു). സി. കെ. മാധവൻപിള്ള (നാഗമല്ലിക), കെ. ആർ. ഭാസ്‌കരൻ (പേറ്റുനോവ്), പുതൂർ ഉണ്ണിക്കൃഷ്ണൻ (പ്രേമവും വൈരുദ്ധ്യവും, ഡൈലൻ തോമസ്സിന്റെ ഗാനം), ഓ. പി. ജോസഫ് (മിസ് ചെറിയാൻ്റെ മരണം). എസ്. കെ. മാരാർ (കച്ചത്തോർത്തു്), ചന്ദ്രപാലൻ(തകർന്ന സ്വപ്നങ്ങൾ),കെ. എസ്‌. മണി (തടവുകാരി, തകർന്ന മുരളി), തോമസ് വടശ്ശേരി (ഗദ്‌ഗദങ്ങൾ), ജഗതി വേലായുധൻനായർ (ഗുമസ്തൻ), ബി. കെ. തിരുവോത്ത് (തേൻ തുള്ളി), പി. എസ്. ദാമോദരൻ (മായാത്ത നിമിഷങ്ങൾ). പൗലോസ് തെക്കത്തു” (ഭാവന), ചെറുകര പത്മനാഭപിള്ള (പണയം തീറാക്കി മാറ്റുമ്പോൾ), എ. ഡി. രാജൻ (നിലാവിൻ്റെ പൂക്കൾ, അരിപ്രാവു്), മാത്യു പുലിക്കോടൻ (രത്നാംബരം), ഈ. വി. ജി. (ഗ്രാമത്തിൻ്റെ കരച്ചിൽ, സ്റ്റീൽമോതിരം), കെ. ജി. സേതുനാഥ് (തീരാത്ത പ്രണയപ്പനി). ഏലിയാമ്മ വലിയതാഴത്തു് (ശനിയാഴ്ച കുഞ്ഞേലി), മേരി വറുഗീസ് കുന്നിൽ (സ്നേഹവും വിശപ്പും), സി. പി. ശ്രീദേവി (പുളകോത്സവം), എന്നു തുടങ്ങിയവർ നമ്മുടെ ചെറുകഥാസാഹിത്യത്തിനു സാരമായ സംഭാവനകൾ ചെയ്തിട്ടുള്ളവരും ചെയ്തുകൊണ്ടിരിക്കുന്നവരുമത്രെ. പത്ര മാസികകളിൽ ധാരാളം കഥകളും കഥയെഴുത്തുകാരും പ്രതിദിനം പ്രത്യക്ഷപ്പെട്ടുകൊണ്ടുമിരിക്കുന്നു. ആ സ്ഥിതിക്ക്, മലയാളത്തിലെ ചെറുകഥകളുടെ പുരോഗതി നിലച്ചു എന്നു പറയാറായിട്ടില്ല. എങ്കിലും അല്പകാലം മുമ്പുവരെ ചെറുകഥകളുടെ നേരെ ജനസാമാന്യം പ്രദർശിപ്പിച്ചിരുന്നത്ര താല്പര്യം ഇപ്പോഴില്ലെന്നാണു തോന്നുന്നതു്.