കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
ലളിതാംബിക അന്തർജ്ജനം: വികാരതീക്ഷ്ണതയോടുകൂടി ജീവിതചിത്രങ്ങളെ നിരത്തിക്കാണിക്കുവാൻ ഈ ശ്രീമതിക്കുള്ള കഴിവു അന്യാദൃശമാണു്. കവിതനിറഞ്ഞ ഭാഷയിലാണു് അവർ അതു നിർവ്വഹിക്കുന്നതും. ‘മൂടുപടത്തിൽ എന്ന കഥാസമാഹാരത്തിൽ ഏഴു കഥകൾ അടങ്ങിയിരിക്കുന്നു. പുത്തില്ലത്തെ പുതിയ അന്തർജ്ജനമായ പാപ്പിയുടെ ജീവിതകഥയാണു ‘മൂടുപടത്തിൽ’ എന്ന ആദ്യത്തെ കഥയിൽ ഒരു സ്ത്രീഹൃദയത്തിൻ്റെ വികാരവായ്‌പും സ്ഥിരപ്രണയവും എത്ര ചാരുതയോടെ അതിൽ പ്രകാശിപ്പിച്ചിരിക്കുന്നു! പാപ്പിയുടെ ജീവാർപ്പണം ആരുടേയും ഹൃദയത്തിൽ ഒരു കോരിത്തരിപ്പുണ്ടാക്കുന്നു. ഹൃദയശൂന്യന്മാരുടെ സ്വാർത്ഥതയാൽ ഇതുപോലെ എത്രയെത്ര പാപ്പിമാരാണു് ഓരോ മനകളിൽകിടന്നു ഹൃദയം വെന്തു വെണ്ണീറായിപ്പോയിട്ടുള്ളതു്. മുത്തിരിങ്ങോട്ടിൻ്റെ’ആത്മാഹുതി’ മൂടുപടത്തിൽക്കൂടി ഈ ഘട്ടത്തിൽ ചിലർ ദർശിക്കുന്നുണ്ടാവാം. എം. ആർ. ഭട്ടതിരിയുടെ ‘വാൽക്കണ്ണാടി’യും ചിലർ ദർശിക്കുന്നുണ്ടാവാം. സമുദായപ രിഷ്കാരത്തിൻ്റെ ആവശ്യത്തെ തികച്ചും വിളംബരം ചെയ്യുന്ന ഇത്തരം കഥകൾ കാഥികയെപ്പോലുള്ളവരുടെ തൂലികയിൽ നിന്നു തന്നെയാണു് പുറത്തു വരേണ്ടതു്; സംശയമില്ല. ‘സാഹിത്യകാരൻ’ എന്ന കഥ ഒഴിച്ചാൽ ഈ സമാഹാരത്തിലെ ഇതരകഥകളും ഓരോ പ്രണയകഥകൾ എന്നു തന്നെ പറയാം. ഓരോന്നും ഹൃദയാവർജ്ജകമാണു്. ‘നിലാവെളിച്ചത്തിൽ’ അർദ്ധരാത്രി കാവൽപ്പുരയിലെത്തുന്ന അന്നയെ ആശാഭംഗപ്പെടുത്തി പറഞ്ഞയയ്ക്കുന്ന അവരുടെ അപരാധം, ‘ഞാനന്നു കുട്ടിയായിരുന്നു. ഒന്നും അറിഞ്ഞുകൂടായിരുന്നു’ എന്നുള്ള അവൻ്റെ കുറ്റസമ്മതത്തോടുകൂടി അന്നയെപ്പോലെതന്നെ വായനക്കാരും സാനുകമ്പം ക്ഷമിക്കാതിരിക്കുകയില്ല. ‘കാല’ത്തിൻ്റെ ഏടുകൾ’ എന്ന സമാഹാരത്തിൽ, കൊടുങ്കാറ്റിൽപ്പെട്ട ഒരില, ജീവിതവും മരണവും, ഗായകനില്ലാത്ത ഗാനം, ഓറഞ്ചുകുട്ടി, കഥയുടെ കഥ എന്നീ അഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു. ദേവിയും ആരാധകനും, മാണിക്കൻ, കുറ്റസമ്മതം, തകർന്ന ജീവിതം, അവരുടെ ഓഹരി, മനുഷ്യൻമാത്രം, യാത്രാരംഗം എന്ന ഏഴു കഥകളാണു്’ ‘തകർന്ന തലമുറ’ യിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതു്. സ്വന്തം സമുദായത്തിലെ വഴിപിഴച്ച കന്യകാദാനവും അതിൻ്റെ ഫലമായി വന്നുചേരുന്ന ദുരിതങ്ങളുമാണു മിക്കവയിലേയും പ്രതിപാദ്യവിഷയം. കുറ്റസമ്മതം, മനുഷ്യൻ മാത്രം, ജീവിതവും മരണവും, തകർന്ന ജീവിതം എന്നീ കഥകളിൽ സ്വസമുദായത്തിൻ്റെ യഥാർതഥവും ദയനീയവുമായ ചിത്രങ്ങൾ കലാപാടവത്തോടൂകൂടി വിന്യസിച്ചിരിക്കുന്നതു് എടുത്തുപറയത്തക്ക സംഗതികളാണു്.
ആദ്യത്തെ കഥകൾ, കൊടുങ്കാറ്റിൽനിന്നു്, കിളിവാതിലിലൂടെ, കണ്ണീരിൻ്റെ പുഞ്ചിരി, അഗ്നിപുഷ്പങ്ങൾ എന്നിവയത്രേ ഈ കാഥികയുടെ ഇതരകൃതികൾ.
സരളാരാമവർമ്മ: നമ്മുടെ കാഥികമാരിൽ ഉയർന്നുവരുന്ന ഒരു ശ്രീമതിയാണു് സരളാ രാമവർമ്മ. ‘നവമുകുളം’ അവർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒൻപതു കഥകളുടെ ഒരു സമാഹാരമാണു്. എല്ലാം പ്രണയ കഥകൾതന്നെ. ശ്രീ സരളയുടെ കഥകൾ മുകുളാവസ്ഥയിൽ നിന്നു പ്രഫുല്ലാവസ്ഥയിലേക്കു കടന്നിട്ടുണ്ടെന്നു അവ വായിക്കുന്നവർ സമ്മതിക്കാതിരിക്കയില്ല. പ്രേമത്തിൻ്റെ പേരിൽ ഇന്നു നടന്നുവരുന്ന വിവാഹം, ഗാർഹിക ജീവിതം എന്നിവയുടെ ഗതിവിഗതികളെ ചിത്രീകരിക്കുന്നതോടൊപ്പം അവയെങ്ങനെ പരിഷ്ക്കരിക്കപ്പെടണം എന്നൊരു നിർദ്ദേശവുംകൂടി ഉൾക്കൊള്ളുന്നവയാണു് നവമുകുളത്തിലെ ഓരോ കഥയും. അവതാരകനായ ജി. ശങ്കരക്കുറുപ്പു പ്രസ്താവിച്ചിട്ടുള്ളതുപോലെ “വ്യക്തി ജീവിതത്തിൻ്റെ സ്വതന്ത്ര സുഭഗമായ വികസനത്തിനു പ്രതിബന്ധമായി നില്ക്കുന്ന സമുദായാചാരങ്ങളോടു ധീരമായ സഹാനുഭൂതിയും” പ്രകടമാക്കാൻ കാഥിക ശ്രമിച്ചിട്ടുണ്ട്. ഈ ശ്രീമതിയുടെ മറ്റൊരു സമാഹാരമാണ് കഥാകദംബം. നിസർഗ്ഗസുന്ദരമായ ശൈലി, അകൃത്രിമമായ ഭാഷ എന്നീ സിദ്ധികളാൽ അനുഗൃഹീതയാണു് ഈ കാഥിക.
