കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
ഏ. എസ്. റോബർട്ട്: അനേകം നല്ല ചെറുകഥകൾ എഴുതിയിട്ടുള്ള ഒരു യുവാവാണ് റോബർട്ട്. വെള്ളിക്കപ്പ് ഈ കാഥികൻ്റെ ആദ്യത്തെ സമാഹാരമാണു്. അലയാഴി മറ്റൊരു സമാഹാരം.
ബി. മാധവമേനോൻ: മറുനാട്ടിൽ ഉദ്യോഗസ്ഥനായി കഴിയുന്ന ഒരു എഴുത്തുകാരനാണു് വടക്കൻപറവൂർ സ്വദേശിയായ ബി. മാധവ മേനോൻ. അദ്ദേഹത്തിൻ്റെ കഥകളിൽ അധികവും മറുനാടൻ മലയാളികളുടെ ജീവിതമാണു് ഉൾക്കൊള്ളുന്നതും. ‘സ്വാതന്ത്ര്യത്തിനുശേഷം’ ‘ബഹളസമാജം’ മുതലായ കഥകൾ പറയത്തക്ക പ്ലോട്ടൊന്നുമില്ലാത്തവയാണ്. എങ്കിലും ലാളിത്യപൂർവ്വമായ മേനോൻ്റെ കഥനരീതി, വായനക്കാരെ കഥയുടെ അവസാനംവരെ ആകർഷിക്കുന്നു. ‘ചെറിയൊരു ലോകം’, പെൺകുട്ടി, സ്നേഹങ്ങളും കലഹങ്ങളും, ചോരയുടെ മണം എന്നിവയാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമാഹാരങ്ങൾ. തകർന്ന ബന്ധങ്ങൾ, ഇരയും ഇണയും എന്ന രണ്ടു നോവലുകളും ഈ യുവാവ് എഴുതിയിട്ടുണ്ട്.
വിവർത്തനങ്ങൾ: മറ്റു സാഹിത്യങ്ങളിൽനിന്നുള്ള പരിഭാഷകളായും ഒട്ടേറെ ചെറുകഥകൾ നമുക്കു ലഭിച്ചിട്ടുണ്ട്. അവയിൽ രവീന്ദ്രനാഥടാഗോറിൻ്റെ കാബൂളിവാല തുടങ്ങിയ ഇരുപത്തൊന്നു പ്രസിദ്ധ കഥകളുടെ വിവർത്തനം, ‘ടാഗോറിൻ്റെ കഥാരത്നങ്ങൾ’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു പ്രത്യേകം പ്രസ്താവ്യമാണു്. സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ പ്രസ്തുത കഥകൾ, ആർ. സി. ശർമ്മയാണു് ബംഗാളി ഭാഷയിൽനിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ടാഗോർ കഥകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പുത്തേഴത്തിൻ്റെ വിവർത്തനത്തെപ്പറ്റി, ഇതിനുമുമ്പ് അനുസ്മരിച്ചിട്ടുള്ളതാണല്ലൊ. കുന്നത്തു ജനാർദ്ദനമേനോൻ്റെ ‘കഥാരാമ’വും ഏതാനും ടാഗോർകഥകളുടെ വിവർത്തനങ്ങൾതന്നെ. പി. സി. ദേവസ്യയുടെ ‘പോലീസുകഥകൾ’, എസ്. ഗുപ്തൻനായരുടെ ‘ചില പാശ്ചാത്യകഥകൾ’, ഏ. എസ്. റോബർട്ടിൻ്റെ ‘പതിനെട്ടു പടിഞ്ഞാറൻ കഥകൾ,’ ടി. കൃഷ്ണൻ എം. എ, ബി, ടി.യുടെ ‘കുറെ പടിഞ്ഞാറൻ കഥകൾ’ എന്നു തുടങ്ങിയ കൃതികളും ഈയവസരത്തിൽ പ്രസ്താവാർഹങ്ങളാണു്.
