ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

എം. ടി. വാസുദേവൻനായർ: വിചാരമധുരമായ നല്ല ചെറുകഥകൾ എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവകാഥികനാണു് വാസുദേവൻനായർ. പഴയ സങ്കേതങ്ങളിൽനിന്നു വിട്ടുമാറി സ്വതന്ത്രമായി സാഹിത്യസഞ്ചാരം ചെയ്യുവാൻ അദ്ദേഹം ശ്രമിച്ചുവരുന്നു. വാസുദേവൻനായർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചെറുകഥാസമാഹാരങ്ങളിൽ ഏറ്റവും അഭിനന്ദനമർഹിക്കുന്ന ഒന്നാണു് ‘ഇരുട്ടിൻ്റെ ആത്മാവു്’. പ്രസ്തുത സമാഹാരത്തിലെ ആദ്യത്തെ കഥയുടെ നാമധേയവും അതുതന്നെ.

ചിത്തഭ്രമം പിടിപെട്ട ഒരു വേലായുധൻ്റെ ജീവിതചിത്രമാണു് അതിൽ വരച്ചുകാണിക്കുന്നതു്. ഏതു വാചാലനേയും മൂകനാക്കുന്ന ഒരു കഥ! ആ ഹതാത്മാവിൻ്റെ സഹതാപാർഹമായ ഇരുൾനിറഞ്ഞ ജീവിതത്തെ ശോകമധുരമായി വാസുദേവൻനായർ അതിൽ അവതരിപ്പിക്കുന്നു. അന്തർമ്മുഖമായ നിരീക്ഷണപാടവവും ഭാവനാകുശലതയും അന്യോന്യ രഞ്ജിതമായിത്തീർന്നിട്ടുള്ള ഒരു കഥാകൃത്തിനെയാണു് ഇരുട്ടിൻ്റെ ആത്മാവിൽക്കൂടി നാം കാണുന്നതു്. പ്രസ്തുത സമാഹാരത്തിലെ ‘അക്കല്ദാമയിൽ പൂക്കൾ വിടരുമ്പോൾ’ എന്ന ഒടുവിലത്തെ കഥ ഇരുപതു നൂററാണ്ടുകൾക്കു മുമ്പു് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിൻ്റെ ഇന്നത്തെ ചിത്രമാണു്. ‘മൂപ്പുകുറഞ്ഞ ബന്ധം’, ‘അറ്റുപോയ കണ്ണി’ മുതലായവയും അനുവാചകരുടെ അഭിനന്ദനമർഹിക്കുന്ന കഥകൾതന്നെ.

‘നിൻ്റെ ഓർമ്മയ്ക്ക്’ എന്ന സമാഹാരത്തിൽ ആറു കഥകൾ അടങ്ങിയിരിക്കുന്നു. നിൻ്റെ ഓർമ്മയ്ക്ക് ഒരു പിറന്നാളിൻ്റെ ഓർമ്മ, ഓപ്പോള് എന്നീ കഥകൾ ബാല്യകാലാനുഭവങ്ങളുടെ അകൃത്രിമമായ ആവിഷ്കരണമാണു്. വികാര തീവ്രതയിൽ ഓപ്പോള് ഏറ്റവും ഉയർന്ന നിലവാരത്തിൽ നിലകൊള്ളുന്നു. ഒരു കൊച്ചു കുട്ടിയുടെ മാനസിക വലയത്തിനുള്ളിൽ ഒതുങ്ങുന്ന സംഭവങ്ങളേ അതിൽ വർണ്ണിക്കുന്നുള്ളു. കഥാപാത്രമായി താദാത്മ്യം പ്രാപിക്കാൻ കഥാകൃത്തിനു നല്ലവണ്ണം സാധിച്ചിട്ടുമുണ്ടു്. ഈ സമാഹാരത്തിലെ ‘വളർത്തുമൃഗങ്ങൾ’ വിശ്വകഥാമത്സരത്തോ ടനുബന്ധിച്ചു മലയാളത്തിൽ നടത്തിയ കഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയതാണു്. എങ്കിലും ഓപ്പോളിനേക്കാൾ ആ കഥയ്ക്കു വളർച്ച വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. പൊതുവേ ഈ സമാഹാരത്തിലെ എല്ലാ കഥകളും വാസുദേവൻനായരുടെ സർഗ്ഗാത്മകശക്തിയെ വെളിപ്പെടുത്തുന്നവയാണെന്നുതന്നെ പറയാം.

രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, വേദനയുടെ പൂക്കൾ, ഓളവും തീരവും, കുട്ട്യേടത്തി എന്നിവയാണു് ഈ കാഥികൻ്റെ മറ്റു സമാഹാരങ്ങൾ.