കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
തായാട്ടു ശങ്കരൻ: ചെറുകഥ, നോവൽ, ഉപന്യാസം, നിരൂപണം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വിദഗ്ദ്ധമായി തൂലികയെ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉൽപതിഷ്ണുവായ ഒരു കലാകാരനാണ് തായാട്ടു ശങ്കരൻ എം. ഏ. ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിൻ്റെ ‘ത്യാഗദേവത’ കെട്ടുറുപ്പുള്ള ഒരു നല്ല കൊച്ചുനോവലാണു്. ഈജിപ്തിലെ ചില ചരിത്രകഥകൾക്കു ജീവൻകൊടുത്തിരിക്കയാണു് പഴയലോകത്തിലെ പുതുമകളിൽ’. പ്രേമവും പൗരുഷവും കൊണ്ടു തളിരും കരുത്തുമാർന്ന ഐതിഹ്യ കഥകളാണ് അതിൽ അധികവും. പകൽക്കിനാവുകൾ, ജനനവും മരണവും, പുത്തൻകനി തുടങ്ങിയവയാണു് തായാട്ടിൻ്റെ മറ്റു കഥാസമാഹാരങ്ങൾ.
എൻ. മോഹനൻ സുപ്രസിദ്ധ സാഹിത്യകാരിയായ എൻ. ലളിതാംബിക അന്തർജ്ജനത്തിൻ്റെ പുത്രനാണു് ഈ യുവകഥാകൃത്തു്. മാനസികാപഗ്രഥനപ്രധാനമായ ചെറുകഥകൾ പലതും മോഹനൻ രചിച്ചിട്ടുണ്ട്. അതിൽ ഒരു വ്യക്തിത്വവും അദ്ദേഹം പുലർത്തുന്നണ്ടു്. നിൻ്റെ കഥ (എൻ്റെയും), ദുഃഖത്തിൻ്റെ രാത്രികൾ എന്നിവ ഈ യുവകാഥികൻ്റെ ചില സമാഹാരങ്ങളാണു്.
ടി. പത്മനാഭൻ: ജീവിതത്തിൻ്റെ ഉപരിതലംകൊണ്ടു തൃപ്തിപ്പെടാതെ അതിൻ്റെ ഉള്ളിലേക്കു കടന്നു കാണുവാൻ യത്നിച്ചുകൊണ്ടിരിക്കുന്നചിന്താശീലനായ ഒരു കഥാകൃത്താണു ടി. പത്മനാഭൻ. ശ്രീനഗറിലേക്കു രണ്ടു് അഭയാർത്ഥികളെ സൗജന്യമായി കയറ്റിക്കൊണ്ടുപോകുന്ന മഖൻ സിങ്ങ് എന്ന ബസ്സ് ഡ്രൈവറുടെ കഥ ‘മഖൻസിങ്ങിൻ്റെ മരണ’ത്തിൽ വിവരിക്കുന്നു. ആ ഡ്രൈവറുടെ മനുഷ്യസ്നേഹം ചിന്താബന്ധുരമായി അതിൽ ചിത്രീകരിച്ചിട്ടുണ്ടു്. കുടിയേറ്റക്കാരെയും കുടിയൊഴിപ്പിക്കലിനേയും പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ‘അറ്റുപോകാത്ത ബന്ധങ്ങൾ’ ശ്രദ്ധേയമായ മറ്റൊരു കഥയാണു്. പതിനൊന്നുകൊല്ലത്തെ നിരന്തരാദ്ധ്വാനത്തിൻ്റെ ഫലമായി പത്രോസുചേട്ടൻ കാടുവെട്ടിത്തെളിച്ചു അവിടം ഫലഭൂയിഷ്ഠമാക്കി. അപ്പോഴാണു് ഭൂമി സർക്കാരിൻ്റേതാണെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്മാർ വരുന്നതു്. അങ്ങനെ ഒരു ബഹുജനസമരം ആഞ്ഞടിക്കുന്നു. ആ രംഗം കഥാകൃത്തിൻ്റെ തൂലിക സമർത്ഥമായി ചിത്രീകരിക്കുന്നു. തിരിഞ്ഞുനോട്ടം, ശേഖുട്ടി (പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരത്തിൽ) എന്നീ കഥകൾ മനുഷ്യൻ്റെ നിസ്സാരതയുടേയും മഹത്ത്വത്തിൻ്റേയും ചിത്രങ്ങൾ വരച്ചുകാണിക്കുന്നവയാണു്. ആദ്യത്തേതിൽ വികാര തീവ്രത മുറ്റിനില്ക്കുന്നുവെങ്കിൽ രണ്ടാമത്തേതു വിചാര രമണീയമെന്നേ പറയേണ്ടു. ഇതുപോലെ മറ്റു കഥകളും പത്മനാഭൻ്റെ കഴിവിനെ വിളിച്ചുപറയുന്നവയാണു്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ഒരു കഥാകൃത്തു കുരുശിൽ, മഖൻസിങ്ങിൻ്റെ മരണം, എൻ്റെ ആദ്യത്തെ കഥകൾ എന്നുതുടങ്ങിയവയാണു് പത്മനാഭൻ്റെ ചെറുകഥാസമാഹാരങ്ങൾ.
ഡി. എം. പൊറ്റെക്കാട്ട്: സുന്ദരമായ പ്രേമകഥകളാണു് ഡി. എം. പൊറ്റെക്കാട്ടിനു് അധികം പ്രിയങ്കരമെന്നു തോന്നുന്നു. പലപ്പൊഴും സഭ്യതയുടെ സീമയെ അതിലംഘിച്ചുപോകുമെങ്കിലും ഡി. എം. ൻ്റെ കഥകൾ അനുവാചകരെ ആകർഷിക്കുന്നവയാണു്. ‘പൊരുതുന്ന സാഹിത്യ’വിഭാഗത്തിൽപ്പെട്ട ചില കഥകളും അദ്ദേഹം രചിച്ചിട്ടുണ്ടു്. അത്തരം കഥകൾ വെറും പ്രചരണോപാധിയായി തരംതാണുപോയിട്ടില്ലേ എന്നു സംശയിക്കണം. പേറ്റുനോവു്, ഉയരുന്ന മുഷ്ടി, കയ്യെത്താത്ത പൂവു്, കന്നിമണ്ണ്, ഇതും പ്രേമമാണു്, മരിക്കാന്മേല എന്നിവയാണു് ഡി. എം.ൻ്റെ കൃതികൾ.
