ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

കേരളം ജാതിയുടെ കേളീരംഗമാകയാൽ ജാതിക്കതീതമായുള്ള കഥാനിർമ്മാണത്തിനു് ആരംഭഘട്ടത്തിലെ കാഥികന്മാരിൽ ആരുംതന്നെ പ്രാപ്തന്മാരായിരുന്നില്ല തന്നെയുമല്ല, ഔത്തരാഹന്മാരെ മാത്രമേ കഥാപാത്രങ്ങളായും സ്വീകരിച്ചിരുന്നുള്ളൂ. പിന്നീട് ദാക്ഷിണാത്യന്മാർ എഴുതിയ കഥകളിൽ അവരും കൈക്കൊണ്ടിരുന്ന രീതി ഇതുതന്നെയായിരുന്നു. ഇടുങ്ങിയ ഈ സാമുദായികപ്പിരിവുകളേയും പ്രാദേശികമനോഭാവത്തേയും ഇടക്കാലത്തെ കാഥികന്മാർ വെടിയുവാൻ തുടങ്ങിയ അവസരത്തിലും, ഖദർജുബാ കോൺഗ്രസ്സുകാരൻ്റെ ചിഹ്നമായി കല്പിക്കാറുള്ളതുപോലെ, ജാതിയുടെ വാലരിഞ്ഞ ചില പേരുകൾ നല്കി വിശാലമനസ്‌കതയെ കാണിക്കുവാൻ മാത്രമേ അവർക്കും കഴിഞ്ഞിരുന്നുള്ളു. അതിനാൽ ഒടുവു് തുടങ്ങിയവരുടെ കഥകളിലെ കഥാപാത്രങ്ങൾ നായർസമുദായാംഗങ്ങൾ മാത്രമായിത്തീർന്നതിൽ യാതൊരാക്ഷേപത്തിനും വകയില്ലാത്തതാണു്.

എം. ആർ. കെ. സി. എന്ന പേരിൽ പ്രസിദ്ധനായ സി. കുഞ്ഞിരാമമേനോൻ്റെ – ചെങ്കുളത്തു ചെറിയ കുഞ്ഞിരാമമേനോൻ്റെ – ചെറുകഥകളിൽ ഭൂരിഭാഗവും കേരളചരിത്രത്തിലെ ചില ഏടുകളെ അവലംബിച്ചുള്ളവയാണു്. കേരളത്തിലെ പ്രതാപശാലികളായ ചില പടത്തലവന്മാരുടെ വിര്യശൗര്യപരാക്രമങ്ങളെ പ്രകാശിപ്പിക്കുവാനാണു് കാഥികൻ ആ ‘പഴങ്കഥ’കൾ ഓരോന്നും ആഖ്യാനം ചെയ്യുന്നതു്. കഥയിലെ പ്രതിപാദ്യഭാഗങ്ങൾക്കുള്ള പ്രാധാന്യവും അപ്രാധാന്യവും വേർതിരിച്ചു കാണിക്കുവാൻ കുഞ്ഞിരാമമേനോൻ അത്രയൊന്നും ശ്രദ്ധിക്കാറില്ല. തന്നിമിത്തം അപ്രധാന സംഗതികൾ അധികമായും ഏകാഗ്രത കുറവായും തീരുക അദ്ദേഹത്തിൻ്റെ കഥകളുടെ ഒരു സാധാരണ സമ്പ്രദായമാണു്. ‘കുടിപ്പക’ എന്ന കഥ ഒന്നുമതി ഈ പരമാർത്ഥം വ്യക്തമാക്കുവാൻ. കഥാമർമ്മത്തിൽനിന്നു വളരെ അകന്നുനില്ക്കുന്ന ഒട്ടുവളരെ ചരിത്ര സംഗതികൾ – തിരുനാവായ് മണപ്പുറത്തുവെച്ചു നടത്തുന്ന തൈയ്പൂയോത്സവം, പറങ്കികളുടെ ആധിപത്യക്ഷയം, ഡച്ചുകാരുടെ പ്രതാപോൽക്കർഷം, അഞ്ചുതെങ്ങു മുതലായ സ്ഥലങ്ങളിൽ ഇംഗ്ലീഷുകാരുടെ പ്രവേശനം. ലന്തക്കാരിൽനിന്നു സാമൂതിരിക്കു ചേറ്റുവായ് തിരിച്ചുകിട്ടുന്നതു് എന്നു തുടങ്ങി അനവധി ചരിത്രവസ്തുതകൾ – അതിൽ വണ്ണിർച്ചിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ആഖ്യാനരീതിയുടെ വൈഭവത്താൽ വായനക്കാരെ അധികം വിസമ്മതം കൂടാതെ കഥയുടെ അവസാനംവരെ നയിക്കുവാൻ അദ്ദേഹത്തിനു കഴിയുന്നുവെന്നുള്ളത് അവയുടെ ഒരു ഗുണമാണു്.

കുഞ്ഞിരാമമേനോൻ തികഞ്ഞ ഒരു ദേശാഭിമാനിയായിരുന്നെങ്കിലും മഹാത്മജിയുടെ നേതൃത്വത്തിൽ ആയിടെ ആരംഭിക്കപ്പെട്ടിരുന്ന നൂൽനൂല്പ്, സഹനസമരം, വിദേശ വസ്ത്ര ദഹനം തുടങ്ങിയ കോൺഗ്രസ്സ് പ്രസ്ഥാനങ്ങളോട് അദ്ദേഹത്തിനു തെല്ലും അനുഭാവമുണ്ടായിരുന്നില്ല. അവയെ കാഥികൻ പല വിധത്തിലും പരിഹസിക്കയാണു് അക്കാലത്തു ചെയ്തിരുന്നതു്. ‘സിദ്ധമൂർത്തിയുടെ ശുക്രദശ’ മുതലായ ചെറുകഥകൾ അദ്ദേഹത്തിൻ്റെ മേല്പറഞ്ഞ ചിന്താഗതിയെ തികച്ചും തെളിച്ചുകാട്ടുന്നവയാണ്. * (ചെങ്കുളത്തു കുഞ്ഞുരാമമേനോൻ എന്നതിലെ പദങ്ങളെ വിപരീതമായി വായിക്കുമ്പോൾ കിട്ടുന്ന ആദ്യാക്ഷരങ്ങളാണു് എം. ആർ. കെ. സി. എന്നതു്. 1057 മകരം അത്തംനക്ഷത്രത്തിൽ ജനനം. 1116 ചിങ്ങം 4-ാം തിയ്യതി ചരമം)