കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
ടാറ്റാപുരം സുകുമാരൻ: കഥാസാഹിത്യത്തിൽ വളരെയേറെ പ്രവർത്തിച്ചു പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ഒരു സരസ സാഹിത്യകാരനാണു ടാറ്റാപുരം സുകുമാരൻ. സുകുമാരൻ്റെ കഥകളിൽ ജീവിതത്തിലെ സങ്കീർണ്ണ പ്രശ്നങ്ങളോ, ഉഗ്രങ്ങളായ സംഘട്ടനങ്ങളോ അധികമൊന്നും കാണുകയില്ല. ഇടത്തരക്കാരുടേയും പാവപ്പെട്ടവരുടേയും കുടുംബാന്തരീക്ഷവും അവരുടെ ദൈനംദിന ജീവിതത്തിലെ സംഭവ വിശേഷങ്ങളും ലളിതവും പ്രസന്നവുമായ രീതിയിൽ നർമ്മമധുരമായി പ്രതിപാദിക്കുന്നതാണു സുകുമാരനിഷ്ടം. ‘ഓർമ്മത്തെറ്റുകൾ’ എന്ന സമാഹാരത്തിലെ ചില കഥകളെടുത്തു നോക്കുക. ഒരു ഗൃഹനായികയുടെ ഓർമ്മത്തെറ്റുകൾ വിവരിക്കുകയാണു് ‘ഓമ്മത്തെറ്റുകൾ’ എന്ന കഥയിൽ. എളിയിൽ തിരുകിയിരുന്ന താക്കോലന്വേഷിച്ച് വീടുമുഴവൻ ഓടിനടക്കുക, പെട്ടിക്കകത്തു സൂക്ഷിച്ചു വച്ച ചീപ്പിനുവേണ്ടി ബഹളം കൂട്ടുക — ഇതൊക്കെ ആ വീട്ടിലെ നിത്യ സംഭവങ്ങളായിരുന്നുവത്രെ. ഒരിക്കൽ ഭാര്യയും ഭർത്താവും കൂടി ബന്ധു വീട്ടിൽ കല്യാണത്തിനുപോയി, മടങ്ങി ബസ്സ്സ്റ്റാൻറിലെത്തിയപ്പോഴാണു് ആ സ്ത്രീയുടെ തോളിൽ ഉറങ്ങിക്കിടന്ന കുട്ടി ഉണുന്നതു്. അപരിചിതമായ മുഖങ്ങൾ കണ്ട് കുട്ടി കരഞ്ഞുതുടങ്ങി അപ്പോഴാണു്, അബദ്ധം മനസ്സിലായതു്. കല്യാണവീട്ടിൽ നിരന്ന് ഉറങ്ങിക്കിടന്നിരുന്ന കുട്ടികളിൽനിന്നു്. അബദ്ധത്തിൽ എടുത്തുകൊണ്ടുപോന്നതു വേറൊരു കുട്ടിയെയാണ്. സ്വന്തം കുട്ടി കല്യാണവീട്ടിലും! ഈ കഥയിലെ നർമ്മബോധം ആരെയും ചിരിപ്പിക്കാതിരിക്കയില്ല. സുകുമാരൻ്റെ നിരീക്ഷണശക്തി വെളിവാക്കുന്ന പ്രസ്തുത സമാഹാരത്തിലെ മറ്റൊരു കഥയാണു് മുള്ളുവേലികൾ. കുഴഞ്ഞ ഒരു സാമൂഹ്യപ്രശ്നമെന്ന നിലയിൽ അതിലെ പ്രതിപാദ്യം ചിന്താർഹമാണ്’. ‘ഒരില കൊഴിയുന്നു’ എന്ന സമാഹാരത്തിൽ, കഴിഞ്ഞ മുപ്പതുകൊല്ലമായി കമ്പനിയിൽ ജോലിചെയ്യുന്ന ഒരു തൊഴിലാളിയെ നിയമപ്രകാരം യാത്രയയയ്ക്കുന്നതാണു് ‘ഒരില കൊഴിയുന്നു’ എന്ന കഥ. ആ ഘട്ടത്തിൽ ഭാവിയെ ഓർത്ത് അയാളുടെ ഉള്ളിൽ നടമാടുന്ന വിവിധചിന്തകൾ എത്രയും വികാരോജ്ജാലമായി കഥാകൃത്ത് അതിൽ ചിത്രീകരിക്കുന്നു.
ഏതു കഥയും അതതിൻ്റെ തന്മയത്വത്തോടുകൂടി പ്രകാശിപ്പിക്കുവാനുള്ള ഒരസാധാരണ പാടവം സുകുമാരന് സംസിദ്ധമായിട്ടുണ്ട്. ഏതാണ്ടു പൂർണ്ണ വളർച്ചപ്രാപിച്ച കഥാകൃത്തിനെയാണു് അദ്ദേഹത്തിൻ്റെ കഥകളിൽ നമുക്കു കാണുവാൻ കഴിയുന്നതു്. നാം നിത്യജീവിതത്തിൽ കാണുന്നവരാണ് കഥാപാത്രങ്ങളിൽ മിക്കതും. ഒരൊറ്റ ബിന്ദുവിനെ ആധാരമാക്കി കഥ നെയ്തെടുക്കാനുള്ള സാമർത്ഥ്യം സുകുമാരൻ്റെ കഥകളെ സാങ്കേതികമായും മെച്ചപ്പെട്ടവയാക്കിത്തീർക്കുന്നു. ജീവിതത്തിൻ്റെ വിവിധ മണ്ഡലങ്ങളിലും അദ്ദേഹം കടന്നുചെല്ലാറുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ കഥകൾ വേണ്ടത്ര വൈവിദ്ധ്യം നിറഞ്ഞവയാമാണു്. തൽക്കാലപരിതഃസ്ഥിതികളിൽ മുട്ടിമുഴങ്ങുന്ന വൈരുദ്ധ്യശക്തികളെ സൂക്ഷ്മദർശിനിവെച്ചു കണ്ടുപിടിച്ചു ആ ബിന്ദുവിനെ പരിപോഷിപ്പിച്ചു വളർത്തിക്കൊണ്ടുവരാനുള്ള ശാസ്ത്രീയ പാടവം, ടാറ്റാപുരത്തിൻ്റെ ഒട്ടുമിക്ക കഥകളിലും കാണാം. ‘അപ്പുവിൻെറ പൂച്ച’ എന്ന കഥ ഇവിടെ സവിശേഷ പ്രസ്താവയോഗ്യമാണു്. വിസ്താരഭയത്തിൽ മറ്റൊന്നും വിശദീകരിക്കാൻ തുനിയുന്നില്ല. കലാപരവും സാമുദായികവുമായ മൂല്യങ്ങൾ കലർത്തിയ മഷിയിൽ മുക്കി ടാറ്റാപുരം സുകമാരൻ കഥാകഥനം വിജയപൂർവ്വം സാധിച്ചുകൊണ്ടിരിക്കുന്നു എന്നു ചുരുക്കിപ്പറയാം.
നീർച്ചുഴി, ഉരുക്കും മാംസറും, താഴികക്കുടം, താക്കോൽക്കൂട്ടം, നാഴി മണ്ണു്, വണ്ടികൾ നിങ്ങുന്നു, ഒരു ചിത്രവും രണ്ടു കത്തുകളും, കൊച്ചു ദുഃഖം, ഒരുമുടിക്കയർ എന്നിവയാണു് സുകുമാരൻ്റെ മററ്റു കഥാസമാഹാരങ്ങൾ.
