കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
ജോസഫ് ചെറുവത്തൂർ: ചാലങ്ങാടി പ്രഭൃതികളുടെ കഥകൾ വായിക്കുന്ന ഒരാളുടെ കണ്ണും കരളും കഴുകി ശുദ്ധിപ്പെടുത്തേണ്ടിവരുമെങ്കിൽ, ചെറുവത്തൂരിൻ്റെ കൃതികൾ അവയ്ക്കു ശുദ്ധിയും ശക്തിയും സ്വയം ജനിപ്പിക്കുന്നവയാണു്. കലയുടെ കമനീയതയ്ക്കു തെല്ല് ഉടവു തട്ടിയാലും അതിൻ്റെ മൂല്യത്തിനു യാതൊരു ക്ഷതവും സംഭവിച്ചുകൂടെന്നുള്ള സിദ്ധാന്തമാണു് ചെറുവത്തൂരിനുള്ളത്. അദ്ദേഹത്തിൻ്റെ കഥകൾ മിക്കവയും സന്മാർഗ്ഗ പ്രതിപാദകങ്ങളാണു്. അത്തരം കഥകൾ സംഭവ പ്രധാനങ്ങളായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ‘പെണ്ണിൽ പെണ്ണ്’ എന്ന സമാഹാരം ഇതിനു് ഉത്തമദൃഷ്ടാന്തമാണു്.
പെരുന്ന തോമസ്: ദാഹിക്കുന്ന റോസാപ്പൂ, കറുത്ത ഏടുകൾ, കർത്താവിൻ്റെ അളിയൻ, പഴമയുടെ പ്രേതങ്ങൾ, മിശിഹാത്തമ്പുരാന്റെ വളർത്തപ്പൻ എന്നിങ്ങനെ ഏതാനും കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കഥാകൃത്താണ് പെരുന്ന തോമസ്. പ്രതിപാദ്യവിഷയം പലതും പലർക്കും അരോചകമായി തോന്നുമായിരിക്കാം. എന്നുവരികിലും തോമസിൻ്റെ സരളമായ ഭാഷാശൈലി ആരും അഭിനന്ദിക്കുന്നതു തന്നെയാണ്.
