കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
സി. എ. കിട്ടുണ്ണി: വടക്കൻപാട്ടുകളിലെ ഹൃദയഹാരിയും വീര രസപ്രധാനവുമായ ഒരംശത്തെ പശ്ചാത്തലമാക്കി വിരചിച്ചിട്ടുള്ള ഒരു നീണ്ടകഥയാണു് കിട്ടുണ്ണിയുടെ ‘ആരോമലുണ്ണി’. കിട്ടുണ്ണിയെ സാഹിത്യരംഗത്തു പ്രസിദ്ധനാക്കിത്തീർത്ത കഥയും അതുതന്നെയാണെന്നു തോന്നുന്നു. മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പായിരുന്നു അതിൻ്റെ പുറപ്പാടു്. പുത്തൂരം വീട്ടിലെ ആരോമൽചേവകരെ ചതിച്ചുകൊന്ന ചന്തുവിനോടു പകവീട്ടുവാൻ ആരോമരുടെ സഹോദരിയായ ഉണ്ണിയാർച്ചയുടെ പുത്രൻ ആരോമലുണ്ണിയും. പുത്രൻ കണ്ണപ്പനുണ്ണിയും പുറപ്പെട്ട് അയാളെ വധിച്ചു വിജയശ്രീയോടെ തിരിച്ചെത്തുന്ന ഒരു കഥയാണു് ആരോമലുണ്ണിയിൽ അടങ്ങിയിട്ടുള്ളതു്. കഥയും പ്രതിപാദനവും ഒന്നുപോലെ പുളകോൽഗമകാരിയാണു്. വടക്കൻപാട്ടുകളെ ആധാരമാക്കി ആരോമൽ ചേവകരുടെ കഥയും കിട്ടുണ്ണി രചിക്കാതിരുന്നിട്ടില്ല. തഴക്കംചെന്ന ആ തൂലികയിൽ നിന്ന് ഇതിനകം അനേകം കഥകൾ കൈരളിക്കു ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.
തോക്കും തൊപ്പിയും, കൊടിയും പടവും, പെൻഷൻ കോൺസ്റ്റബ്ൾ, അനാഥ ബാലിക, റിക്ഷക്കാരൻ, കഥാലോകം, കഥാലത, സ്വാതന്ത്ര്യദിനത്തിൽ, അമ്പത്തേഴ് ആളെ കൊന്നു, തുയിലുണർത്തൽ, കള്ളരേഖ, മുടന്തനായ മുയൽ ഇവ ഓരോന്നും ചെറുകഥകളുടെ സമാഹാരങ്ങളാണു്. ചുറ്റുമുള്ള എളിയ ജീവിതത്തിലെ സുഖ ദുഃഖങ്ങളത്രെ പ്രസ്തുത കഥകളിൽ അധികവും പകർന്നിട്ടുള്ളതു്. അനുഭവത്തിൻ്റെ ഊഷ്‌മാവ് ഓരോന്നിലും നിറഞ്ഞുകാണാം. ആത്മാർത്ഥതയും അതുപോലെ തന്നെ, ‘ആശുപത്രിയിൽ’ അനുഭവപരമായ ഒരു നീണ്ടകഥയാണ്. സംഭവങ്ങളെ അകൃത്രിമവും ഋജുവുമായ രീതിയിൽ ചിത്രീകരിക്കുവാനുള്ള കഴിവു് ഇതിൽ സ്ഫടികസ്ഫുടമായി തെളിഞ്ഞുകാണാം. കിട്ടുണ്ണിയുടെ ശൈലി പൊതുവേ സരളവും അവക്രവുമാണു്.
ഈ കഥാകൃത്തു് ഏറ്റവും അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഹൃദയ ഹാരികളായ രണ്ടു ലഘു നോവലുകളാണു് നെടുവീർപ്പും, ശാന്തിഭൂമിയും. വികാരാത്മകമായ സ്വന്തം ജീവിതചിത്രം അവയിൽക്കൂടി അദ്ദേഹം ആവിഷ്കരിക്കുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത കൃതികൾ വായനക്കാരുടെ ഹൃദയം കവരുകയും ചെയ്യുന്നു.* (ഈ പ്രശസ്തകഥാകൃത്തു് 1964 മാർച്ച് 8-നു തൃശൂരിൽ തൂക്കഞ്ചേരിയിലുള്ള സ്വവസതിയിൽ വച്ച് 58-ാമത്തെ വയസ്സിൽ യശഃശരീരനായി.)
