ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

ആംഗ്ലേയ വിദ്യാഭ്യാസം സിദ്ധിച്ച ചിലരിൽനിന്നുമാണു് ഈ പ്രസ്ഥാനം മലയാളത്തിൽ ആവിർഭവിച്ചതു്. ഇംഗ്ലണ്ടിൽ ചെറുകഥകൾ ഒരു സാഹിത്യ പ്രസ്ഥാനമെന്നനിലയിൽ പരിപുഷ്ടമായിത്തീർന്നതു് 1890-നോട് അടുത്താണെന്നു കാണുന്നു. അതിനാൽ മലയാളത്തിൽ ഈ സാഹിത്യശാഖ ആവിഭവിച്ചിട്ടുള്ളത് അതിനുശേഷമാണെന്നു പറയണ്ടതില്ലല്ലോ. ചെറുകഥാപ്രസ്ഥാനം ഭാഷയിലേക്കു പകരുവാൻ തുടങ്ങുന്നതിനു മുമ്പുതന്നെ, ആംഗ്ലേയ സാഹിത്യത്തിൽ അത് ഒരു നല്ലനിലയെ പ്രാപിച്ചിരുന്നതിനാൽ മലയാളത്തിൽ അതിൻ്റെ വളർച്ച വളരെ ത്വരിത ഗതിയിൽ ആയിത്തിരുവാൻ കാരണമായി. ഇന്നു ചെറുകഥാപ്രസ്ഥാനം പോലെ വളർച്ചയും പ്രചാരവും ലഭിച്ചിട്ടുള്ള മറെറാരു പ്രസ്ഥാനവും ഭാഷയിൽ ഇല്ലതന്നെ. മനുഷ്യനിൽ സഹജമായുള്ള കഥാകൗതുകമാണു് ഇതിനു മുഖ്യകാരണമെന്നു പറയേണ്ടതില്ലല്ലോ. തന്നെയുമല്ല, ജീവിതത്തിൻ്റെ ഒരു ചിത്രം – വികാരനിർഭരമായ ഒരു ചിത്രം – ചെറുകഥയിൽ ലീനമായിരിക്കുന്നതിനാൽ അല്പസമയത്തേക്കെങ്കിലും ഒരുവൻ്റെ ശ്രദ്ധയെ പിടിച്ചു നിർത്തുവാനുള്ള സർവ്വവിധ കഴിവും അതിനു സ്വാധീനമായിട്ടുള്ളതും മറ്റൊരു കാരണമാണു്.

ആദ്യത്തെ കാഥികന്മാർ: മലയാളത്തിലെ ചെറുകഥകളിൽ ആദ്യത്തേതു് ആരുടേതെന്നു പറയുവാൻ വളരെ വിഷമമുണ്ട്. എന്നാൽ, ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, എം. ആർ. കെ. സി., അമ്പാടി നാരായണപ്പൊതുവാൾ, സി. എസ്സ്. ഗോപാലപ്പണിക്കർ, കെ. സുകുമാരൻ എന്നീ ഔത്തരാഹന്മാരാണു് ആദ്യത്തെ പ്രാമാണികന്മാരായ കാഥികന്മാർ എന്നു പറയുന്നതിൽ അധികം തെററില്ല. ഇവരുടെ അന്നത്തെ കഥകൾക്കും ആധുനികന്മാരുടെ ഇന്നത്തെ കഥകൾക്കും തമ്മിൽ വളരെ അന്തരമുണ്ടെന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവയോഗ്യമാണു്. അന്നത്തെ ചെറുകഥകൾ, ഇന്നത്തെ നിലയിൽ ചെറുകഥകൾ എന്നുപറയാമോ എന്നുതന്നെ സംശയമുണ്ടു്. ഒരുതരം കുട്ടിനോവലുകൾ, അഥവാ വലിയ കഥകൾ ആയിരുന്നു അന്നത്തെ ചെറുകഥകൾ മിക്കവയും. ചില ചരിത്രസംഭവങ്ങളും പഴങ്കഥകളും ‘കഥ’കളാക്കി അന്നത്തെ ആളുകളെ രസിപ്പിക്കണമെന്നുള്ളതിൽ കവിഞ്ഞു മറ്റൊരുദ്ദേശവും അവരുടെ കഥകൾക്കില്ലായിരുന്നു എന്നും തോന്നുന്നു. ഒരു നായകൻ, ഒരു നായിക, അവരുടെ പ്രേമബന്ധങ്ങൾക്കു നേരിടുന്ന ചില തടസ്സങ്ങൾ, ഒടുവിൽ എല്ലാം മംഗളമായി പര്യവസാനിക്കുന്ന ഒരന്തരീക്ഷം – ഇങ്ങനെയുള്ള ചില ഘടകങ്ങളാണു് പ്രായേണ അന്നത്തെ മിക്ക കഥകളിലും കാണുന്നത്.

ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ: പല അവസരങ്ങളിലായി അനേകം ചെറുകഥകൾ എഴുതിയിട്ടുണ്ടു്. അവയിൽ, കല്യാണിക്കുട്ടി, ജാനു, നാരായണിക്കുട്ടി, കേളുണ്ണിമൂപ്പിൽനായർ എന്ന കഥകൾ കൂട്ടിച്ചേർത്തു് ‘നാലു കഥകൾ’ എന്ന പേരിൽ പ്രത്യേകം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടു്. ഇവ ഓരോ പ്രണയ കഥകളാണു്. കഥാപാത്രങ്ങളെ ദാമ്പത്യജീവിത സുഖമനുഭവിപ്പിക്കുക എന്ന ലക്ഷ്യത്തെ മാത്രം മുൻനിറുത്തിയാണു് ഇവയെല്ലാം രചിച്ചിട്ടുള്ളതു്. ഉന്നതനിലയിലിരുന്ന ഭാഗ്യവാന്മാരായ ചില സ്ത്രീപുരുഷന്മാരെ അക്കാലത്തു ധാരാളം രസിപ്പിക്കുവാൻ പോകുന്നവയായിരുന്നു കുഞ്ഞിക്കൃഷ്ണമേനവൻ്റെ കൃതികൾ.