കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
പൊൻകുന്നം വർക്കി: കേരളത്തിലെ കേൾവികേട്ട കാഥികരിൽ ഒരാളാണു് പൊൻകുന്നം വർക്കി. വർക്കിയുടെ കഥാപാത്രങ്ങൾ നല്ല ഓജസ്സും തേജസ്സും ഉള്ളവയാണു്. ആഖ്യാനരീതിയും ഊർജ്ജസ്വലമാണു്. സാധാരണന്മാരുടെ ആസ്വാദന കുശലതയ്ക്ക് അനുരൂപമായ ആശയങ്ങളും രൂപങ്ങളും അദ്ദേഹത്തിൻ്റെ കഥകളിൽ കാണാം. എന്നാൽ ചില പ്രത്യേക ആദർശങ്ങളുടെ സാദ്ധ്യതയ്ക്കു വേണ്ടിയാണോ അദ്ദേഹം കഥകളെഴുതുന്നതെന്നു ചിലപ്പോൾ തോന്നിപ്പോകാറുണ്ടു്. ചില കഥകളിൽ കഥാപാത്രങ്ങളെക്കൊണ്ടും. ചിലപ്പോൾ നേരിട്ടുതന്നെയും ആദർശങ്ങളും അനുഭവങ്ങളും പ്രസംഗിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതു കേൾക്കാം. കഥ പറയുവാനല്ല, പ്രസംഗിക്കുവാനാണ് അദ്ദേഹത്തിന് അധികം താല്പര്യം. വികാരതൈക്ഷണ്യം തുളുമ്പുന്ന വാഗ്‌ജാലംകൊണ്ട് തൻ്റെ അഭിലാഷത്തിനനുകൂലമായി വായനക്കാരെ ഇളക്കിമറിക്കുവാൻ അദ്ദേഹത്തിനു് അസാധാരണമായ വൈദഗ്ദ്ധ്യമുണ്ടു്. ‘ശബ്ദിക്കുന്ന കലപ്പ’ മുതലായ കൃതികൾപോലെ വിചാര രമണീയങ്ങളായ – ഭാവോജ്ജ്വലങ്ങളായ കഥകൾ നിർമ്മിക്കുവാനും ആ തൂലികയ്ക്ക് അന്യാദൃശമായ പാടവമുണ്ടു്. ഏതു വിഷയത്തേയും ആസ്വാദ്യമായ ഒരു വിഭവമായി മാറ്റാൻ അദ്ദേഹത്തിന്നു കഴിയും. വിശ്വസാഹിത്യത്തിൽത്തന്നെ അദ്ദേഹത്തിൻ്റെ ചില കഥകൾ സ്ഥാനംപിടിച്ചു കഴിഞ്ഞിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും വർക്കിയുടെ നേരെ ഭാവുകലോകത്തിൽ ഒരു വിഭാഗത്തിനു വലിയ എതിർപ്പുണ്ടു്. ലൈംഗികമായ മനശാസ്ത്രവുമായി അദ്ദേഹം തൻ്റെ കഥകളെ കൂട്ടിക്കുഴയ്ക്കുവാൻ ശ്രമിക്കുമ്പോളാണു് ഈ എതിർപ്പുകളെല്ലാം സംഭവിക്കുന്നതു്. ‘വിത്തുകാള’ മുതലായ കഥകൾ പ്രസിദ്ധങ്ങളാണല്ലോ. ‘നിവേദന’ത്തിലെ ‘വീര’ ‘പൊട്ടിയ ഇഴകൾ’ എന്ന സമാഹാരത്തിലെ ‘ദാഹം’ എന്നു തുടങ്ങിയ കഥകൾ വായിച്ചുനോക്കുക. ധാർമ്മികബോധത്തിൻ്റെ അടിയുറച്ച പാരമ്പര്യമുള്ളവർക്കു് അത്തരം കഥകൾ വായിക്കുമ്പോൾ ഒരു മനംപുരട്ടൽ ഉണ്ടായെന്നു വന്നേക്കാം. പക്ഷേ, ഈ സദാചാരബോധത്തിൻ്റെ സീമയെ അളക്കുവാനുള്ള മാനദണ്ഡമെന്തെന്ന് ഒരു പൂർവ്വപക്ഷവും ഉണ്ടകാവുന്നതാണു്”. “സന്മാർഗ്ഗത്തിൽ തീവ്രനിഷ്ഠയുള്ള ഒരു സംഘം പരിശോധകന്മാരുടെ മുമ്പിൽ സമർപ്പിക്കപ്പെടുന്ന വിവിധ കലാസൃഷ്ടികളിൽ പലതായിരിക്കും ഓരോരുത്തരുടേയും കണ്ണിൽ നിരോധിക്കപ്പെടേണ്ടതായി തോന്നുക. ഈവക കാര്യങ്ങളിൽ പൊതുവായ ഒരു മാനദണ്ഡമില്ല“ എന്നുള്ള സി. എച്ച്. ലാറൻ എന്ന പണ്ഡിതൻ്റെ അഭിപ്രായം സന്ദർഭത്തിൽ പ്രസ്താവയോഗ്യമാകുന്നു.
