എഴുത്തച്ഛൻ
ന മേ സമാ രാവണകോടയോ അധമി–രാമസ്യ ദൂതോ അഹമപാരവിക്രമഃ.
കിളിപ്പാട്ടിൽ ആ ഭാഗം,
നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിത്തീടിലും
നിയതമിതു മമ ചെറുവിരൽക്കു പോരാ പിന്നെ
നീയെന്തുചെയ്യുന്നിതെന്നോടു കശ്മല?
എന്നിങ്ങനെയാണു വർണ്ണിക്കുന്നതു്. ഇത്തരം ഭാഗങ്ങൾ വായിക്കുമ്പോഴാണു്. തിരിയിൽനിന്നു കൊളുത്തിയ പന്തം പോലെ ശോഭിക്കുന്നു എന്നും മറ്റും പറയുന്നതിൻ്റെ അർത്ഥം നാം ശരിക്കു മനസ്സിലാക്കുന്നതു്. ഒടുവിലത്തെ ഉദ്ധൃതഭാഗത്തു സ്ഫുരിക്കുന്ന വീരഹാസ്യരസങ്ങളുടെ ചേതോഹരത അനുഭവൈകവേദ്യംതന്നെ.
ലങ്കാദഹനം മൂലകൃതിയിൽ ഏറ്റവും സംക്ഷിപ്തമായിട്ടേ വർണ്ണിക്കുന്നുള്ളു. വായനക്കാർക്കു രസജനകമായിത്തീരാവുന്ന പ്രസ്തുത ഭാഗം എഴുത്തച്ഛൻ വിസ്മരിക്കുവാൻ മടിച്ചിട്ടില്ല. ഹനൂമാൻ കൃശശരീരനായിത്തീർന്നതോടെ രാക്ഷസരുടെ കെട്ടുകൾ സ്വയമേവ ശിഥിലങ്ങളായിത്തുടങ്ങി. അനന്തരം ആ രാമദൂതൻ ഓരോ മണിമേടകളിലും ചാടിച്ചാടി കത്തിച്ചുകത്തിച്ച് അഗ്നിവർദ്ധിപ്പിച്ചു. പിന്നീടുള്ള അവസ്ഥ നോക്കുക:
അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചു തദാ
വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നുചെന്നു മുദാ
ഭുവനതലഗതവിമലദിവ്യരത്നങ്ങളാൽ
ഭൂതിപരിപൂർണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചുവെങ്കിലും
ഭൂതിപരിപൂർണ്ണമായ് വന്നിതത്ഭുതം.
എഴുത്തച്ഛൻ്റെ അത്ഭുതകരമായ മനോധർമ്മവും സ്വച്ഛന്ദമായ പ്രതിഭാവിലാസവും ഇവിടെ തത്തിക്കളിക്കുകതന്നെ ചെയ്യുന്നു. രാമായണത്തിലെ വനവർണ്ണനകളും, ആശ്രമവർണ്ണനകളും, പ്രത്യേകം പ്രസ്താവയോഗ്യങ്ങളാകുന്നു. അയോദ്ധ്യാകാണ്ഡത്തിലെ വാല്മീക്യാശ്രമം, ആരണ്യകാണ്ഡത്തിലെ അഗസ്ത്യാശ്രമം തുടങ്ങിയ വർണ്ണനകളുടെ വൈവിധ്യവും വൈചിത്ര്യവും ആ ഭാഗങ്ങൾ വായിച്ചുതന്നെ ഗ്രഹിക്കണം.
