പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

രാമായണം കിളിപ്പാട്ടിൽ സുന്ദരകാണ്ഡത്തിലാണു് ചേതോഹരങ്ങളായ വർണ്ണനകൾ ഏറ്റവുമധികമുള്ളതു്. അശോകവനികയിൽ രസികക്കുഴമ്പനായി ചെന്നെത്തിയ രാവണൻ, തൻ്റെ സാമർത്ഥ്യമെല്ലാം പ്രകടിപ്പിച്ചു നടത്തിയ പ്രണയപ്രാർത്ഥനയെ നിരസിച്ചതിനാൽ ക്രുദ്ധനായിത്തീർന്ന് സീതയുടെനേരെ കരാള കരവാളുമുയർത്തുന്നു. ആ ഘട്ടത്തിൽ മണ്ഡോദരി ചെയ്യുന്ന സാന്ത്വനം മൂലത്തിൽ ഇങ്ങനെയാണ്:

ത്യജൈനാം മാനുഷീം ദീനാം-ദുഃഖിതാം കൃപണാം കൃശാം.

കിളിപ്പാട്ടിൽ ആ ഭാഗം,

ത്യജ മനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്
പതിവിരഹപരവശതയോടുമിഹ പരാലയേ
പാർത്തു പാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികൾപരുഷവചനം കേട്ടു
പാരം വശംകെട്ടിരിക്കുന്നതുമിവൾ
ദുരിതമിതിലധികമിഹ നഹി നഹി സുദുർമതേ
ദുഷ്ക്കീർത്തി ചേരുമേ വീരപുംസാം വിഭോ!

എന്നിങ്ങനെ സരസമായി വിസ്തരിച്ചിരിക്കുന്നു. അതുപോലെതന്നെ ബന്ധനസ്ഥനായ ഹനൂമാൻ, രാക്ഷസരാജാവായ രാവണനോടു പറയുന്നതു മൂലത്തിൽ ഇത്രമാത്രമാണു്: