പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

മുളീടും ഭംഗപാളീ വിവലനമധുരാം മാലികാം കൈത്തലേ ചേ-
ർത്താളീദത്താവലംബാ നിജതനുമഹസാ രംഗമുദ്യോതയന്തീ
വ്രീളാവേശേന രാമാനനമിടയിടയിൽ കട്ടുനോക്കി പ്രമോദ-
വ്യാലോലാ മെല്ലെമെല്ലെന്നരികിലുപഗതാ കോമളാഭ്യാം പദാഭ്യാം

എന്ന പദ്യത്തിലെ ‘വ്രീളാവേഗേന രാമാനനമിടയിടയിൽ കട്ടുനോക്കുന്ന’ ആ രസികൻപ്രയോഗത്തിനുപോലും എഴുത്തച്ഛൻ്റെ നേത്രോൽപലമാലയെ ജയിക്കാൻ കഴിയുന്നുണ്ടോ എന്നു സംശയമാണു്.

അയോദ്ധ്യാകാണ്ഡത്തിൽ, വനയാത്രയ്ക്കു പുറപ്പെടുന്ന ലക്ഷ്മണൻ തൻ്റെ മാതാവായ സുമിത്രയെ കൗസല്യയിലർപ്പിച്ചിട്ട രാമൻ്റെ മുമ്പിൽ വില്ലുമേന്തിനിന്നു, എന്നു മാത്രമേ മൂലത്തിൽ പ്രസ്താവിക്കുന്നുള്ളൂ എഴുത്തച്ഛൻ ആ സന്ദർഭത്തിൽ പുത്രവത്സലയായ ഒരമ്മയിൽനിന്നു പ്രതീക്ഷിക്കാവുന്നവിധം സുമിത്രയെക്കൊണ്ടു പറയിക്കുന്നതു നോക്കുക:

അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു–
മഗ്രേ നടന്നുകൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി–
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെജ്ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ.

ഈ ഭാഗം വാല്മീകിരാമായണത്തിലുള്ള,

രാമം ദശരഥം വിദ്ധി — മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി — ഗച്ഛ താത, യഥാസുഖം.

എന്നീ വരികളെ ഉപജീവിച്ചാണു് വർണ്ണിക്കുന്നതെങ്കിലും അത് എത്രകണ്ട് സ്വാഭാവികമായി, സന്ദർഭോചിതമായി, സഹൃദയസമ്മതമായി പ്രകാശിപ്പിച്ചിരിക്കുന്നുവെന്നു ചിന്തിച്ചറിയേണ്ടതാണു്.