പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

കവിതാഗുണങ്ങൾ: ഭാഷാകവിതയിൽ എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൾ ഏറ്റവും സമുന്നതമായ ഒരു സ്ഥാനമർഹിക്കുന്നു. സംഗീതാത്മകമായ കിളിപ്പാട്ടു വൃത്തങ്ങൾതന്നെ സാധാരണന്മാരെ ആകർഷിക്കുവാൻ പോരുന്നവയാണു്. കഥയും ഭക്തജനങ്ങളെ ആകർഷിക്കുവാൻ മതിയായതുതന്നെ. സുലളിതമായ പദവിന്യാസങ്ങളുടെ സമ്മേളനം അവയെ മധുരമധുരമാക്കിത്തീർക്കുകയും ചെയ്യുന്നു.

എഴുത്തച്ഛൻകൃതികളെപ്പറ്റി ചിന്തിക്കുമ്പോൾ ഭാരതവും രാമായണവുമാണ് നമ്മുടെ സ്മരണമണ്ഡലത്തിൽ ഉദിച്ചുയരുന്നതു്. പ്രസ്തുത കൃതികൾ രണ്ടും വേദവ്യാസകൃതമായ അദ്ധ്യാത്മരാമായണത്തിൻ്റേയും, മഹാഭാരതത്തിൻ്റേയും വിവർത്തനങ്ങളാണെന്നുള്ളതു ശരിതന്നെ. എന്നാൽ അവ എഴുത്തച്ഛൻ്റെ വാസനയുടേയും ഭാവനയുടേയും വിഹാരരംഗങ്ങൾകൂടിയാകയാൽ കേവലം വിവർത്തനങ്ങൾ എന്ന നിലവിട്ടു സ്വതന്ത്രകാവ്യങ്ങൾ എന്ന നിലയെ പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു. അനുപദതർജ്ജമകളോടൊപ്പം എഴുത്തച്ഛൻ്റെ സ്വന്തമായ മനോധർമ്മങ്ങളും അലങ്കാരപ്രയോഗങ്ങളും ആ രണ്ടു കൃതികളിലും സുലഭമായിക്കാണാം. അതുപോലെതന്നെ കവിക്കു മറ്റു കൃതികളോടുള്ള പരിചയാധിക്യത്തെ വെളിപ്പെടുത്തുന്ന ആശയവിശേഷങ്ങളും സന്ദർഭോചിതമായി അവയിൽ പ്രതിബിംബിച്ചു വിളങ്ങുന്നതും കാണാവുന്നതാണു്. വിവർത്തനഭാഗങ്ങളിൽ ചിലതു മൂലകൃതികളെപ്പോലും പശ്ചാൽക്കരിക്കുന്നു. സംഭവങ്ങളെ രസാനുഗുണമായി വർണ്ണിക്കുവാൻ എഴുത്തച്ഛനുള്ള വൈദഗ്ദ്ധ്യം ഒന്നു വേറെതന്നെ. ചുരുക്കേണ്ടവയെ ചുരുക്കുന്നതിലും, വിസ്മരിക്കേണ്ടവയെ വിസ്മരിക്കുന്നതിലും, വിട്ടുകളയേണ്ടവയെ വിട്ടുകളയുന്നതിലും അഭിനന്ദനീയമായ ഒരു സ്വതന്ത്രപ്രതിഭയുടെ വ്യാപാരം ഓരോന്നിലും ആപാദചൂഡം വിലസുന്നതു കാണാം.