എഴുത്തച്ഛൻ
ചിന്താരത്നത്തിലെ ഭാഷ, അദ്ധ്യാത്മരാമായണം, ഭാരതം ഇവയെ അപേക്ഷിച്ച് അർവ്വാചീനമാണെന്നുള്ള അഭിപ്രായത്തോടു പണ്ഡിതന്മാർ യോജിക്കുവാനാണു് ഇടയുള്ളതു്. എഴുത്തച്ഛൻ ദേവബ്രാഹ്മണഭക്തനാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. ചിന്താരത്നത്തിൽ അതിനു വിപരീതമായ ഒരു നില സ്വീകരിച്ചുകാണുന്നു. അതുകൊണ്ടുതന്നെ അതു് എഴുത്തച്ഛൻ്റെ കൃതിയല്ലെന്നു മിക്കവാറും തീരുമാനിക്കാം. എന്നാൽ ഹരിനാമകീർത്തനത്തിൻ്റെ നില അതല്ല. അതു് എഴുത്തച്ഛൻ്റെ കൃതിയാണെന്നുള്ള വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ടുതന്നെയിരിക്കുന്നു. ഭഗവന്നാമകീർത്തനത്തിൽ അലംഭാവമില്ലാത്ത കവി, വേദാന്തതത്ത്വപ്രതിപാദകമായ ആ കീർത്തനം ആസ്തികരായ സാമാന്യജനങ്ങൾക്കുവേണ്ടി നിർമ്മിച്ചിട്ടുള്ളതു തന്നെ ആയിരിക്കണം. എഴുത്തച്ഛൻ്റെ ഈശ്വരവിശ്വാസവും ഭക്തിപാരവശ്യവും അതിൽ ആദ്യന്തം തള്ളിത്തള്ളി പരക്കുന്നതു കാണാം.
ദേവീമാഹാത്മ്യം, ശതമുഖരാമായണം അഥവാ സീതാവിജയം, ബ്രഹ്മാണ്ഡ പുരാണം. ഉത്തരരാമായണം എന്നീ കിളിപ്പാട്ടുകൾ എഴുത്തച്ഛൻ്റേതാണെന്നു മഹാകവി അഭിപ്രായപ്പെടുന്നു. പി. കെ. ആ അഭിപ്രായത്തോടു മിക്കവാറും യോജിക്കുന്നുമുണ്ട്. എന്നാൽ ആർ. നാരായണപ്പണിക്കർ പ്രസ്തുതാഭിപ്രായത്തോടു യോജിക്കുന്നില്ല. ഇരുപത്തിനാലുവൃത്തം എഴുത്തച്ഛൻ്റേതല്ലെന്നും മിക്കവാറും ഇവരെല്ലാവരും തന്നെ സമ്മതിച്ചിട്ടുള്ളതാണു. ശിവപുരാണം കുഞ്ചൻനമ്പ്യാരുടെ കൃതിയാണെന്നുള്ളത് അനേകധാ തീർച്ചപ്പെട്ടുകഴിഞ്ഞിട്ടുമുണ്ട്.
