എഴുത്തച്ഛൻ
ജൈമിനിയാശ്വമേധം കിളിപ്പാട്ട്: അച്യുതമേനോൻ ആനന്ദരാമായണം തുടങ്ങിയ കൃതികൾ കിളിപ്പാട്ടുകളായി നിർമ്മിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ യശഃസ്തംഭമായി നിലകൊള്ളുന്ന കൃതി ഇതൊന്നുമാത്രമാണു്. എഴുത്തച്ഛൻ്റെ മഹാഭാരതം കിളിപ്പാട്ടു കഴിഞ്ഞാൽ ഭാഷയിൽ ഇത്രയും ഉൽകൃഷ്ടമായി ഒരു കിളിപ്പാട്ടുകൃതി മറ്റൊന്നില്ലെന്നാന്നു പണ്ഡിതന്മാരുടെ അഭിപ്രായം വ്യാസന്നുപുറമെ ജൈമിനിമഹർഷിയും ഒരു ഭാരതം നിർമ്മിച്ചിട്ടുണ്ടത്രെ. ജൈമിനിയുടെ ഭാരതത്തിൽ അശ്വമേധപർവ്വം മാത്രമെ ഇതിനകം കണ്ടുകിട്ടിയിട്ടുള്ളു. പ്രസ്തുത കൃതിയുടെ പരിഭാഷയാണു് കാത്തുള്ളിയുടെ കിളിപ്പാട്ടുകൃതി. പദഘടനയിൽ ഇതു മറ്റു കിളിപ്പാട്ടുകൃതികളെയെല്ലാം വളരെ പിന്നിലാക്കിയിരിക്കുന്നു എന്നുതന്നെ പറയാം. കാത്തുള്ളിയുടെ ദീർഘകാലപരിശ്രമത്തിൻ്റെ ഫലമാണു മേൽപ്പറഞ്ഞ പരിഭാഷ. എന്നാൽ കവിക്കു സ്വജീവിതകാലത്ത് അതു പ്രസിദ്ധപ്പെടുത്തുവാൻ സാധിച്ചുമില്ല. കവി, 1085-ൽ നിര്യാതനായി. പിന്നെയും ഒരു പന്തീരാണ്ടു കഴിഞ്ഞേ പ്രസ്തുത കൃതി സൂര്യപ്രകാശം കണ്ടുള്ളു. ജൈമിനിമഹർഷി ജനമേജയ മഹാരാജാവിനോട് ആഖ്യാനംചെയ്യുന്ന വിധത്തിലാണ് കാവ്യത്തിലെ പ്രതിപാദനം.
ഏ. വി. എസ്സ്. (സുബ്രഹ്മണ്യൻ) പണിക്കർ എഴുതിയിട്ടുള്ള ഒരു സ്തോത്രകൃതിയാണ് വിഷ്ണുമായാപുരാണം അഥവാ ശ്രീധർമ്മശാസ്താലീലകൾ. പെരിങ്ങോട്ടുകര കലാകേന്ദ്രത്തിൽനിന്നും ഈയിടെ –1970 – ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ ബൃഹൽ ഗ്രന്ഥത്തിൽ വിഷ്ണുമായയുടെ അവതാരവും പ്രഭാവവും, ആ ദേവതയുടെ അനുഗ്രഹം കൊണ്ടു സംസിദ്ധമായ കാര്യങ്ങളും കിളിപ്പാട്ടുരീതിയിൽ കാവ്യഭംഗിയോടെ വർണ്ണിച്ചിരിക്കുന്നു. ‘ആവണങ്ങാടു വിഷ്ണുക്ഷേത്രവുമായി പരമ്പരാഗതമായി ചിരന്തനബന്ധംപുലർത്തി അവിടത്തെ പ്രതിഷ്ഠാമൂർത്തിയുടെ സർവൈശ്വര്യ സന്ദായകമായ അനുഗ്രഹവിശേഷമാർന്ന ഒരു വിശിഷ്ടകുടുംബത്തിൻ്റെ സംസ്കാര സമ്പന്നനായ നായകനെന്ന നിലയിൽ ശ്രീ പണിക്കർക്കു സിദ്ധിച്ചിട്ടുള്ള ഐതിഹ്യപരവും, ചരിത്രപരവുമായ വിജ്ഞാനത്തിൻ്റേയും സാരസ്വതസമ്പത്തിൻ്റേയും സാക്ഷ്യം വഹിക്കുന്നതാണു ഈ വിശിഷ്ടകൃതി’ എന്നും എൻ. ഗോപാലപിള്ള എം. എ. അഭിപ്രായപ്പെട്ടിട്ടുള്ളതും അക്ഷരംപ്രതി ശരിയാണ്. കവിയുടെ വർണ്ണനാപാടവം കാണിക്കുവാൻ ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ :
കളലളിതമൃദുലതര കിളികളുടെ ഗാനവും
കിന്നരസ്ത്രീകൾതൻ കീർത്തനാലാപവും
പല കപികളുടയ ചില കിലുകിലാരവങ്ങളും
മാമരച്ചില്ലയിൽ ചാടിക്കളിപ്പതും
