പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ചാണക്യസൂത്രം: കുഞ്ചൻനമ്പ്യാരുടെ കാലത്തോടടുത്തുതന്നെ ജീവിച്ചിരുന്ന പാലക്കാട്ട്, കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ കൃതിയാണു് ചാണക്യസൂത്രം കിളിപ്പാട്ട്. നീതിശാസ്ത്രസിദ്ധാന്തങ്ങളെ കഥാരൂപേണ പ്രതിപാദിക്കുന്നു എന്ന ഒരു പ്രത്യേകതയല്ലാതെ, കാവ്യഗുണത്തെ ആസ്പദമാക്കി ഇതിനു് ഒരു മേന്മ കല്പിക്കുവാനില്ല. പിഷാരടി പഞ്ചതന്ത്രവും കിളിപ്പാട്ടായി നിർമ്മിച്ചിട്ടുണ്ട്. പ്രസ്തുത കൃതി മുഴുവൻ നമുക്കു ലഭിച്ചുകഴിഞ്ഞിട്ടില്ല. തർജ്ജമയുടെ സ്വഭാവം മനസ്സിലാക്കുവാൻ ഒരു ഭാഗം ഉദ്ധരിക്കുന്നു:

അടവി മഴകൊണ്ടു വെട്ടിയാലകച്ചീടും
കഠിനവാചാ വെട്ടിമുറിച്ചാലകച്ചീടാ
കാട്ടുതീ പിടിപെട്ടു ദഹിച്ചീടിലും വനം
വാട്ടമെന്നിയേ ചിരാൽ തളിർക്കുമസംശയം
ദുഷ്ടവാക്കിനാൽ ദഗ്ദ്ധമായതു തളിർക്കയി–
ല്ലൊട്ടേറെക്കാലം കഴിഞ്ഞാലുമെന്നറിയേണം.

നമ്പ്യാരുടെ പഞ്ചതന്ത്രത്തിൽനിന്നു മുമ്പുദ്ധരിച്ചിട്ടുള്ള ഭാഗവുമായി ഇതിനെ താരതമ്യപ്പെടുത്തി നോക്കുക.

കിളിപ്പാട്ടുകളിൽ ചിലതു് ഇനിയും പ്രസ്താവയോഗ്യങ്ങളായിട്ടുണ്ട്. നമ്പ്യാരുടെ ശിവപുരാണം, രാഘവപ്പിഷാരടിയുടെ വേതാളചരിത്രം, പുന്നശ്ശേരി ശ്രീധരൻ നമ്പിയുടെ ഭാഗവതം ഏകാദശം, എഴുവത്തു നാണുക്കുട്ടി മേനോൻ്റെ ഭാഗവതം, വരവൂർ ശാമുമേനോൻ്റെ ജ്ഞാനവാസിഷ്ഠം, ഒടുവിൽ ശങ്കരൻകുട്ടിമേനോൻ്റെ സ്കാന്ദപുരാണം, കാത്തുള്ളിൽ അച്യുതമേനോൻ്റെ ജൈമിനീയാശ്വമേധം, ഏ. വി. എസ്. പണിക്കരുടെ ശ്രീ വിഷ്ണുമായാപുരാണം, അകത്തൂട്ടു ദാമോദരൻകർത്താവിൻ്റെ ശ്രീ ഗാരുഡപുരാണം തുടങ്ങിയവ അവയിൽ പ്രത്യേകം സ്മരണിയങ്ങളത്രെ. ഇവയിൽ ഒടുവിൽ പറഞ്ഞ മൂന്നു കൃതികളെപ്പറ്റി പ്രത്യേകം ചിലതു കുറിക്കേണ്ടതുണ്ട്.