എഴുത്തച്ഛൻ
ഗിരിജാകല്യാണം: ഗിരിജാകല്യാണം, നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായിവാര്യരുടെ കൃതിയാണു്. വാല്മീകിരാമായണകർത്താവിനെപ്പോലെതന്നെ, കവി കിളിയെക്കൊണ്ട് ഇതിലും കഥ പറയിക്കുന്നില്ല. കിളിപ്പാട്ടുവൃത്തങ്ങൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. കേവലം ‘മതിമുഖിമണിമാർക്കും ബാലകർക്കും ഗ്രഹിപ്പാൻ’ പ്രയാസമുള്ള ഒരു ഭാഷാരീതിയിലാണ് ഇക്കാവ്യം രചിച്ചിട്ടുള്ളത്.
ഗിരീശനുടെ ചരിതമിതു രചിതമധുനാ മയാ
ഗീർവ്വാണ കേരളഭാഷാ വിമിശ്രിതം,
കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ
കപ്പൽ മരം കൊണ്ടു കല്പിക്കിലേവനും.
സംസ്കൃതഭാഷയാകുന്ന ഇരുമ്പും, മലയാളഭാഷയാകുന്ന മരവും ചേർത്തു നിർമ്മിച്ചിട്ടുള്ള ഒരു കപ്പലാണു ഗിരിജാകല്യാണം; ‘വിഭക്തിയുണ്ടെന്നാകിൽ പഠിച്ചുപാടിക്കൊൾവിൻ’ എന്നേ കവി ആവശ്യപ്പെടുന്നുള്ളൂ. ഭാഷയെ സംബന്ധിച്ചിടത്തോളം നമ്മുടെ സാഹിത്യശാഖയ്ക്കു പുരോഗമനപരമായ ഒന്നല്ല പ്രസ്തുത കൃതി. പണ്ഡിതൈകഹൃദ്യമായ ഈ കാവ്യം, സാധാരണന്മാർക്കു് അനഭിഗമ്യമായി നിലകൊള്ളുന്നതാണ് അതിനു കാരണമെന്നു പറയേണ്ടതില്ലല്ലൊ. “വെണ്ണക്കല്ലും കരിങ്കല്ലും കൂട്ടിപ്പണിചെയ്ത ഒരു വിചിത്രദുഗ്ഗമാണിതെ”ന്നും ഒരു നിരൂപകൻ പ്രസ്താവിച്ചിട്ടുള്ളതു വളരെ പരമാർത്ഥമാണു്.
മാനസം സരോവരം മീനസംഘട്ടോജ്ജ്വലൽ
ഫേനസംഭിന്നവീചീലീനസംഡീനപ്രാഡീ–
നാനുസഞ്ചാരി ഹംസസ്വാനസമ്പദാ മൃദു–
സ്ഥാനസമ്പ്രദർശനമാനസല്ലാപം പരം.
ഈ മട്ടിൽ കടിച്ചാൽ പൊട്ടാത്ത ഗീർവ്വാണപദപ്രവാഹമാണ് ഇതിൽ ആപാദമസ്തകം നിറഞ്ഞു വിലസുന്നത്. എങ്കിലും ‘മാനസസല്ലാപ’ത്തിനു മികച്ച ഒരു കലാസൃഷ്ടി എന്ന നിലയിൽ ഇതിനു സാഹിത്യത്തിൽ മാന്യമായ ഒരു സ്ഥാനം കല്പിച്ചേ മതിയാവു.
