പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

ജീവിതകാലം: എഴുത്തച്ഛൻ്റെ ജീവിതകാലത്തെപ്പറ്റി അവ്യവസ്ഥിതമായ അഭിപ്രായങ്ങളാണു പറഞ്ഞുവരുന്നത്. എഴുത്തച്ഛനും മേല്പത്തൂർ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നുള്ള ഐതിഹ്യം പ്രസിദ്ധമാണു്. ഭട്ടതിരിയുടെ നാരായണീയം എഴുതിത്തീർന്നതും, ‘ആയുരാരോഗ്യസൗഖ്യം’ എന്ന കലിദിനസംഖ്യയാൽ അറിയപ്പെടുന്ന കൊല്ലം 762 വൃശ്ചികം 28-ാംതീയതിയാണന്നുള്ളതു സ്പഷ്ടമത്രേ. ‘പിവിത്രകരസ്സൂര്യ’ എന്ന കലിദിനസംഖ്യകൊണ്ടു കിട്ടുന്ന കൊല്ലവർഷം 787 ചിങ്ങത്തിലാണു്, തെലുങ്കുഭാഷയിലുള്ള അദ്ധ്യാത്മരാമായണം മൂലഗ്രന്ഥം അമ്പലപ്പുഴരാജാവിൻ്റെ കൈയിൽ കിട്ടിയതെന്നും, ആ രാജാവിൻ്റെ കല്പനപ്രകാരം എഴുത്തച്ഛൻ അത് ആര്യലിപിയിൽ പകർത്തിയെന്നും അതോടുകൂടി കിളിപ്പാട്ടു നിർമ്മിച്ചുവെന്നും മറ്റുമാണല്ലോ പണ്ട് പറഞ്ഞുവരാറുള്ളതു്. ഈ പുരാവൃത്തം വിശ്വസിക്കുന്നപക്ഷം എഴുത്തച്ഛൻ 8-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു വന്നുകൂടുന്നതാണു്. മഹാകവി ഉളളൂർ ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല. 670-നും 750-നും ഇടയ്ക്കുള്ള കാലഘട്ടത്തിലായിരിക്കണം എഴുത്തച്ഛൻ്റെ ജീവിതമെന്നാണു് അദ്ദേഹത്തിൻ്റെ അനുമാനം. *(കേരളസാഹിത്യചരിത്രം, ഭാഗം 2, പേജ് 495 496.) ഇതുപോലെ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ വേറെയുമുണ്ട്. എന്നാൽ, എഴുത്തച്ഛൻ്റെ ജീവിതം എ. ഡി. 16-ാം നൂററാണ്ടിൻ്റെ ഉത്തരാർദ്ധത്തിലും 17-ാം നൂറ്റാണ്ടിൻ്റെ പൂർവ്വാർദ്ധത്തിലുമായിട്ടാണു നിലകൊള്ളുന്നതു് എന്ന പക്ഷമാണു അധികം പേർക്കുമുള്ളതു്.