പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

പാണ്ഡവദൂതനായി പുറപ്പെട്ട ശ്രീകൃഷ്ണനെ കവി വർണ്ണിക്കുകയാണ്:

ദാരുകൻ കൊണ്ടുവന്ന തേരതിൽക്കരയേറി-
പ്പാരാതെയെഴുനള്ളിത്തുടങ്ങി ഭഗവാനും….
കാഞ്ചനമയമായ കാഞ്ചികളിട്ടു മഞ്ഞ-
പൂഞ്ചേലയതിൻ മീതേ നാനാശോഭിതങ്ങളായ്
മിന്നുന്ന രത്നങ്ങളുമെന്നുള്ളിൽ വിളങ്ങുന്ന
ധന്യപാദാബ്ജങ്ങളും കണ്ട മാമുനിമാരും.

കവി ഭക്തിലഹരിയിൽ മുഴുകിയപ്പോൾ ഹസ്തിനപുരിയിലേക്കു പുറപ്പെട്ട ഭ​ഗവാൻ തൻ്റെ ഹൃദയാന്തർഭാഗത്തേക്ക് എഴുന്നള്ളുന്നതായിട്ടാണു് കാണുന്നത്. ഇതുപോലെ ഏതു ഭഗവൽസ്തുതിയിലും എഴുത്തച്ഛൻ തന്നെ പരാമർശിക്കുക സാധാരണമാണു്. കർണ്ണപർവ്വത്തിൽ പാർത്ഥസാരഥിയായി പുറപ്പെടുന്ന കൃഷ്ണനെ വർണ്ണിച്ചിട്ടുള്ളതു സുപ്രസിദ്ധമാണല്ലോ.

നിറന്ന പീലികൾ നിരക്കവേ കുത്തി
നിറുകയിൽക്കൂട്ടിത്തിറമൊടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികൾ മിന്നീടും മണിക്കിരീടവും
…………………………………………………..
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കും പോലെയ-
മ്മണിരഥംതന്നിലകം കുളുർക്കവേ
മണിവർണ്ണൻതന്നെത്തെളിഞ്ഞുകണ്ടു ഞാൻ.

കവിയുടെ ഭക്തിപാരവശ്യം പോലെതന്നെ ചിത്രീകരണസാമർത്ഥ്യവും ഈ ഭാഗങ്ങളിൽ വ്യക്തമാണു്. ഭക്തിയുടെ ശക്തികൊണ്ടെന്നപോലെ, കവിയുടെ ശബ്ദഗുംഫനവും ഇങ്ങനെയുള്ള ഘട്ടങ്ങളിൽ തടംതകർത്തു പായുന്നതു കാണാം.