എഴുത്തച്ഛൻ
തത്ത്വചിന്തകളും ഹിതോപദേശങ്ങളും രാമായണത്തിൻ്റെ ഒരു പ്രത്യേകതയാണ്. അയോദ്ധ്യാകാണ്ഡത്തിലെ,
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്കു നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.
എന്നു തുടങ്ങിയ ലക്ഷ്മണോപദേശങ്ങളും, ബാലകാണ്ഡത്തിലെ,
കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലല്ലോ
കിംകണന്മാരായുള്ളോർക്കർത്ഥവുമുണ്ടായ് വരാ
കിമ്മൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ് വരാ
കിന്ദേവന്മാർക്കു ഗതിയും പുനരതുപോലെ.
ഇത്തരം ഹിതോപദേശങ്ങളും അനുഭവവേദ്യങ്ങളെന്നേ പറയേണ്ടൂ.
”താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ.”
“പ്രേമത്തിനേതുമിളക്കമുണ്ടായ് വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?”
ഇങ്ങനെ എത്രയെത്ര തത്ത്വരത്നങ്ങളും സാരോക്തികളുമാണ് അതിൽ നിറഞ്ഞു വിലസുന്നതു്? കേരളത്തിലെ ആസ്തികഹിന്ദുകുടുംബങ്ങളിൽ രാമായണം പോലെ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള കൃതി മറ്റൊന്നില്ല.
