ത്രിമൂർത്തികൾ-വള്ളത്തോൾ
മഗ്ദലനമറിയം: വള്ളത്തോളിൻ്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും മികച്ച കൃതിയാണിത്. ചാരിത്രത്തെപ്പറ്റി ക്രിസ്തു ചെയ്ത ഒരു പ്രസംഗം യദൃച്ഛയാ കേൾക്കുവാനിടവന്ന വേശ്യയായ മഗ്ദലന, സ്വജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്നതും, പശ്ചാത്താപപരവശയായ അവൾ, ശീമോൻ്റെ മേടയിൽ അത്താഴമുണ്ണുവാൻ എത്തിയിരുന്ന ക്രിസ്തുവിൻ്റെ സന്നിധിയിലെത്തി അവളുടെ കണ്ണുനീരുകൊണ്ടു് അദ്ദേഹത്തിൻ്റെ തൃപ്പാദങ്ങളെ പ്രക്ഷാളനം ചെയ്യുന്നതും, പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതും, ആ പതിതകാരുണികൻ അവളെ സമാശ്വസിപ്പിച്ചയയ്ക്കുന്നതുമാണു് ഇതിലെ കഥാവസ്തു. ബൈബിൾക്കഥയിലും ക്രിസ്തുവിൻ്റെ ദിവ്യതയിലും അലിഞ്ഞുചേർന്നുകൊണ്ടാണു് മഹാകവി ഈ കാവ്യമെഴുതിയിട്ടുള്ളത്. ഈ കൃതിയുടെ വിജയരഹസ്യവും അതുതന്നെ. രചനാഭംഗിയിലും പ്രതിപാദനമാധുരിയിലും ഔചിത്യബോധത്തിലും മഹാകവിയുടെ ഇതരകാവ്യങ്ങളേക്കാൾ ഇതു മുന്നേറിനില്ക്കുന്നു.
ശീമോൻ്റെ പൂമേട, മറിയത്തിൻ്റെ ആഗമനം, അവളുടെ പ്രാർത്ഥന തുടങ്ങിയ രംഗങ്ങൾ ഓരോന്നും ഹൃദയാവർജ്ജകമെന്നേ പറയാവൂ. ദിവ്യവും ഭവ്യവുമായ ഒരു വിശിഷ്ടാദർശത്തെ ഈ മനോഹരകാവ്യം പ്രഖ്യാപനം ചെയ്യുന്നു. പശ്ചാത്താപ ഭരിതയായി, ദണ്ഡനമസ്തൃതി ചെയ്യുന്ന മഗ്ദലനയോടു ഭഗവാൻ ക്രിസ്തു അരുളിച്ചെയ്യുന്ന സാന്ത്വനോക്തി കേൾക്കുക:
പൊയ്ക്കൊൾക പെൺകുഞ്ഞേ, ദുഃഖം വെടിഞ്ഞു നീ-
യുൾക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം.
ക്രിസ്തു മതസിദ്ധാന്തത്തിൻ്റെ മർമ്മപ്രധാനമായ അംശം മഹാകവി ഈ സാന്ത്വനത്തിൽ ഉള്ളടക്കിയിരിക്കുന്നു.
