ത്രിമൂർത്തികൾ-വള്ളത്തോൾ
കഥ കൈലാസത്തു നടക്കുന്ന ഒന്നാണെങ്കിലും, അതു നമ്മുടെ ഭവനപരിസരങ്ങളിൽ നടക്കുന്നതുപോലെയാണു് കവിയുടെ വർണ്ണന വായിക്കുമ്പോൾ നമുക്കു തോന്നുക. രക്തത്തിൽ കുളിച്ചുകിടക്കുന്ന പുത്രനെക്കണ്ട് പാർവ്വതി ഭർത്തൃ സന്നിധിയിൽ പ്രത്യക്ഷപ്പെടുന്നതു നോക്കുക:
ഉടൻ മഹാദേവിയിടത്തുകയ്യാ –
ലഴിഞ്ഞ വാർപൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി-
പ്പാർശ്വസ്ഥനാകും പതിയോടുരച്ചു.
എന്തൊരു നോട്ടമായിരിക്കണം അത്! കൈലാസത്തിലെ ഈ പാർവ്വതിയെപ്പോലെ, തങ്ങളുടെ ഭർത്താക്കന്മാരെ ആറ്റംബോംബെറിഞ്ഞു് ദഹിപ്പിക്കുന്ന എത്രയെത്ര ഭാര്യമാരെ നമ്മുടെ ഭവനങ്ങളിൽ ഇന്നും നമുക്കു കാണുവാൻ കഴികയില്ല? പാർവ്വതിയുടെ നോട്ടംകൊണ്ടുതന്നെ ശിവൻ ഹതവീര്യനായിക്കഴിഞ്ഞു. എന്നിട്ടും പാർവ്വതി വിടുന്നില്ല.
കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനിൽനിന്നിദാനീം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്കിയനുഗ്രഹിക്കാം.
മകൻ പരിക്കേറ്റു മരിക്കിലെന്തു് ?
മഹാരഥൻ ശിഷ്യനടുക്കലില്ലേ?
രാമൻ ജഗൽസത്തമനാണുപോലും
വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം.
ശിവൻ്റേയും ശിഷ്യൻ്റേയും കരളിനെ പിളർക്കുവാൻ ഇതിലും നിശിതമായ വാക്ശരങ്ങൾ മറ്റെന്താണുള്ളതു്? വികാരോഷ്മളത ഇതിൽ അങ്ങോളമിങ്ങോളം ഓളം വെട്ടുകയാണ്. നാനാവികാരങ്ങളുടെ വിളഭൂമിയായ ഈ ലഘുകാവ്യം മഹാകവിയുടെ ദേശാഭിമാനത്തിൻ്റെ അങ്കുരാവസ്ഥയെ പ്രകാശിപ്പിക്കുന്ന ഒന്നാണന്നുകൂടി പറയേണ്ടിയിരിക്കുന്നു.
