പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

ശിഷ്യനും മകനും : ശിവശിഷ്യനായ പരശുരാമൻ ഗുരുവിനെ സന്ദർശിക്കുവാൻ തിടുക്കംപൂണ്ടു് കൈലാസത്തിൽ എത്തുന്നു. അച്ഛൻ അന്തഃപുരത്തിൽ വിശ്രമിക്കുകയാണു. അദ്ദേഹത്തിൻ്റെ സമ്മതംസിദ്ധിക്കാതെ അകത്തേക്കു കടന്നുകൂടാ എന്നു പറഞ്ഞു് രാമൻ്റെ ഗതിയെ ഗണപതി തടുക്കുന്നു.

എല്ലായ്പോഴും പ്രണതശിഷ്യനു ദേശികങ്കൽ
ചെല്ലാം സ്ഥലം സമയമെന്നിവ നോക്കിടേണ്ട.

എന്നു ഭൃഗുരാമൻ എതിർക്കുന്നു. തിരുമനസ്സറിയിച്ചിടാതെ മുമ്പിൽ കടന്നുപോക വയ്യെന്നു വീണ്ടും ഗണപതി.

പോകട്ടെ ഞാൻ വിടു, വിടില്ല കടന്നുകൂടാ,
ഛീ വക്രബുദ്ധി തുടരുന്നതു രാമനോടോ?
ഏവം വഴക്കു മുറുകി ദ്വിജദേവർ തമ്മിൽ
ഭാവം പകർന്നു പിടിയും വലിയും തുടങ്ങി.

ഒടുവിൽ പരശ്വധംകൊണ്ടുള്ള വെട്ടേറ്റു ഗണപതിയുടെ കൊമ്പൊന്നു മുറിഞ്ഞുവീഴുകയായി. വിവരമറിഞ്ഞ് പാർവ്വതീപരമേശ്വരന്മാർ സംഭവസ്ഥലത്തെത്തുന്നു. പാർവ്വതി കലികൊണ്ടു തുള്ളുകയായി. അശാന്തമായിത്തീർന്ന ആ രം​ഗത്ത് രാധാകൃഷ്ണൻമാർ തൽക്ഷണം പ്രത്യക്ഷരായി രം​ഗം മം​ഗളാന്തമായിമാറ്റുന്നു. ഇതാണു ഇതിലെ കഥാവസ്തു.