പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

കാരാഗൃഹത്തിൽവെച്ച് ഉഷയും അനിരുദ്ധനും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയും ആശയപ്രകടനങ്ങളും ഏറ്റവും വികാരനിർഭരങ്ങളെന്നേ പറയാവൂ. ഇങ്ങനെ ഒരു രംഗം മൂലകഥയിലില്ലാത്തതും കവികല്പിതം മാത്രമായിട്ടുള്ളതുമാണെന്ന വസ്തുത ഇവിടെ സവിശേഷം സ്മരിക്കേണ്ടതുതന്നെ.

പിതൃശാസനത്തെ ലംഘിക്കരുതെന്നും ഇവിടം വിട്ടുപോകണമെന്നും ആ കുലാംഗനയോടു് അനിരുദ്ധൻ അപേക്ഷിക്കുമ്പോൾ,

ജീവാധിനായക ഭവാൻ വ്രണിതാതുരംഗ-
നാവാസമോ മലിനബന്ധഗൃഹാന്തരത്തിൽ
ഈ വാസ്തവസ്ഥിതി മറന്നവിടത്തെ വിട്ടു-
പോവാൻ കഥിക്കരുതു ദാസിയൊടെൻ ദയാലോ!

എന്നാണു് ആ ആത്മവല്ലഭ ഉദീരണം ചെയ്യുന്നത്. ആ പ്രേമവതിയുടെ കണ്ണുനീർ നിറഞ്ഞ നയനങ്ങൾ കണ്ട് ആർദ്രചിത്തനായിത്തീരുന്ന ആ ധീരോദാത്തൻ അപ്പോൾ പറയുകയാണു് :

പ്രാണാധിഭർത്ത്രി കരയായ്ക,രിമുക്തനാനാ-
ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും
ബാണാത്മജാനയനനീരൊരുതുള്ളിപോലും
വീണാൽ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രെ.

വീരത്വവും പ്രേമവയ്പും വിജ്രംഭണംചെയ്യുന്ന ഈ സംവാദരംഗം പുളകോൽഗമകാരിയെന്നേ പറയുവാൻ തരമുള്ളൂ.