ത്രിമൂർത്തികൾ-വള്ളത്തോൾ
അനിരുദ്ധൻ: രൂപഭാവങ്ങൾ ഇത്രത്തോളം അന്യോന്യരഞ്ജിതമായി മേളിച്ചിട്ടുള്ള ഒരു കൃതി മലയാളത്തിൽ മറെറാന്നുണ്ടോ എന്നു സംശയമാണു്. നായികാനായകന്മാരായ ഉഷാനിരുദ്ധന്മാരുടെ ധർമ്മവിരുദ്ധമല്ലാത്ത പ്രേമപ്രകാശനമാണു ഈ കാവ്യത്തിൽ ഉടനീളം നാം കാണുന്നത്. താനാളയച്ചുവരുത്തിയ തൻ്റെ കാമുകനെ – അനിരുദ്ധനെ – വ്യാജപ്പയറ്റിൽ വിജയിച്ചു ബന്ധനസ്ഥനാക്കിയതിലുള്ള ധാർമ്മികരോഷത്തിൽ, പിതാവിൻ്റെ പ്രവൃത്തിയെത്തന്നെ ചോദ്യംചെയ്തു കൊണ്ടു നായികയായ ഉഷ സചിവോത്തമനോടു ചോദിക്കുകയാണു:
ഞാനാളയച്ചിഹ വരുത്തിയതാണു തന്നെ-
ത്താനാര്യപുത്രനെഴുനള്ളുകയല്ല ചെയ്തു
നാനാതരത്തിലപരാധമൊരാൾക്കു ബന്ധ-
സ്ഥാനാപ്തിയന്യനു് ഇതോ ബലിവംശധർമ്മം?
താൻ ചെയ്ത തെറ്റിനു് മറ്റൊരാളെ ശിക്ഷിച്ചതിലുള്ള ധാർമ്മികരോഷം ആ വീരവനിത എത്ര സമഞ്ജസമായി ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.
