പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

ബധിരവിലാപം: ഇടക്കാലത്തു കവിയെ ബാധിച്ച ബാധിര്യം, കവിയേയും അദ്ദേഹത്തിൻ്റെ കവിതയെത്തന്നെയും ഒരു പുതിയ വഴിക്കു തിരിച്ചു എന്നു പറയേണ്ടിയിരിക്കുന്നു. ചികിത്സകൊണ്ടു മടുത്ത അദ്ദേഹം നിരാശനായി,

ഏതെല്ലാമെണ്ണതേച്ചു, ചെവി-
യിണയിൽ മരുന്നെത്രകൂട്ടം നിറുത്തീ
കാതെല്ലാനാളുമേറ്റൂ പുകയുമിഹ
പെരുച്ചാഴിയുള്ളോവുപോലെ

എന്നു് അനന്യശരണനായി വിലപിക്കുകപോലുമുണ്ടായിട്ടുണ്ട്. ഒടുവിൽ സ്വഗൃഹത്തിനു സമീപമുള്ള എരുകുളങ്ങര ഭഗവതിയെ സംബോധന ചെയ്തുകൊണ്ട് സ്വാനുഭവങ്ങളെ കവിതാമയമായി പ്രകാശിപ്പിക്കുവാൻതന്നെ തീരുമാനിച്ചു. അങ്ങനെയാണു ‘ബധിരവിലാപം’ ഉടലെടുത്തത്. 1910-ൽ പ്രസിദ്ധീകൃതമായ പ്രസ്തുത കൃതി നമ്മുടെ വിലാപകാവ്യങ്ങളിൽ മികച്ച ഒന്നുതന്നെ.

കവിയശസി ദുരാശപൂണ്ട പൊട്ട-
ക്കവിത ചമച്ച മഹാജനത്തിനീ ഞാൻ
ചെവിരുജ തടവിച്ച പാപമാകാ-
മവിനയിയാം മമ കർണ്ണരോ​ഗഹേതു.

എന്ന വിലാപം കേൾക്കുന്ന നിമിഷത്തിൽത്തന്നെ സഹൃദയലോകം അനുകമ്പാർദ്രമായിത്തീരുന്നു.