ത്രിമൂർത്തികൾ-വള്ളത്തോൾ
കവിത്രയം:
ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ കവിത്രയത്തിൽ ഉന്നതൻ ആരെന്നുള്ള ഒരു പ്രശ്നം സാധാരണ ജനങ്ങളിൽനിന്നു പലപ്പോഴും പുറപ്പെടാറുണ്ട്. ശർക്കരയുടേയും പഞ്ചസാരയുടേയും തേനിൻ്റേയും മാധുര്യത്തെപ്പറ്റി ചോദിക്കുന്നതുപോലെയാണിത്. ഓരോന്നും ഓരോതരത്തിൽ മാധുര്യജനകവും ആസ്വാദ്യവുമാകുന്നു. ഏതു കവികളുടേയും സാഹിത്യകാരന്മാരുടേയും ശൈലി, പരസ്പരം ഭിന്നമായിരിക്കുമെന്നുള്ളതു സാഹിത്യഗ്രന്ഥങ്ങൾ സനിഷ്ക്കർഷം വായിക്കുന്ന ഒരാൾക്കു കാണാവുന്നതാണു്. അവരിൽ ഓരോരുത്തരുടേയും വ്യക്തിവിലാസവും ആ വിഭിന്നതയിൽത്തന്നെയാണു സ്ഥിതിചെയ്യുന്നതും. ഒരാളുടെ ചിന്താഗതി, അനുഭവങ്ങൾ, സാഹിത്യപരിചയം എന്നിവയുടെ ഫലമായിട്ടാണു് അയാളുടെ ശൈലിക്കു വ്യക്തിത്വം വന്നുചേരുന്നത്. അതിനാൽ അവരവർക്കു സ്വാധീനമായ ശൈലികളിൽ ഈ മഹാകവികൾ ഓരോരുത്തരും അദ്വിദീയന്മാർ എന്നു പറയുവാൻ മാത്രമേ ഈ വിഷയത്തിൽ നിവൃത്തിയുള്ളു.
ആശാനാശയഗംഭീരൻ – വള്ളത്തോൾ ശബ്ദസുന്ദരൻ
ഉള്ളൂരുജ്ജ്വലശബ്ദാഢ്യൻ – കവിത്രയമതിങ്ങനെ
എന്നു ചിലർ ഇവരുടെ വ്യക്തിത്വത്തെ വേർതിരിച്ചു പറയാറുണ്ട്. ”ആശാനു് ആശയഗാംഭീര്യമേറുമെങ്കിൽ, ഉള്ളൂരിനു് ആശയപൗഷ്ക്കല്യമേറും; വള്ളത്തോളിനു ആശയ സൗകുമാര്യവും. വള്ളത്തോളിനു ലളിത പദാകലിതമായ മനോഹരഭാഷയാണിഷ്ടം. സന്ദർഭശുദ്ധിക്കനുഗുണമായുള്ള പ്രൗഢഭാഷ ആശാനു പഥ്യം. ഉള്ളൂരിനു രണ്ടിലേതുതരവും ഒന്നുപോലെ വശംവദം. ആശാൻ്റെ പദവിന്യാസം ഒരു രാജന്യസുന്ദരിയുടെ മന്ദം മന്ദമായുള്ള പദവിന്യാസം പോലെ പ്രൗഢമനോഹരം; വള്ളത്തോളിൻ്റേതു് ഒരു ലളിതാംഗിയുടെ ചുറുചുറുക്കോടുകൂടിയ സുന്ദരനടനമാണു്; ഉളളൂരിന്റേതു് ഒരു വിദഗ്ദനടിയുടെ താളമേളങ്ങളോടുകൂടിയ കലാശനൃത്തരൂപം. വള്ളത്തോളിൻ്റെ പേനയിൽക്കൂടി സരസ്വതീനദി നേരിയ വെള്ളിക്കമ്പിപോലെ ഒഴുകുന്നു; ആശാൻ്റെ തൂലികയിൽക്കൂടി തീർത്ഥവാരിപോലെ പരിശുദ്ധബിന്ദുക്കളെ ഗളിച്ചുകൊണ്ടിരിക്കുന്നു. ഉള്ളൂരിന്റേതു്, ധാരായന്ത്രത്തിൽക്കൂടി വിവിധാകൃതിയിൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.” എന്നിങ്ങനെ ഈ കവിമുർത്തിത്രയത്തെക്കുറിച്ച് ഒരു സരസനിരൂപകൻ അഭിപ്രായപ്പെട്ടിട്ടുണ്ട് . ഈ വ്യാവർത്തനം കൊണ്ടു് ഒരാൾ മറ്റൊരാളെ അധഃകരിക്കയോ, ഒരാൾ മറ്റൊരാളിൽനിന്നു് ഉയരുകയോ ചെയ്യുന്നില്ലെന്നു സ്പഷ്ടമാണല്ലോ. ഈ മഹാകവികളെസ്സംബന്ധിച്ചു മുൻചൊന്ന ചോദ്യത്തിനു പറയുവാനുള്ളതും ഈ തന്നെയാണ്.
