ത്രിമൂർത്തികൾ-വള്ളത്തോൾ
മരണമേ, തവ ശൂന്യതമസ്സിനെ–
ശരണമാക്കുവതെങ്ങനെയാണഹോ!
കിരണമാലിയൊഴുക്കിയ തങ്കനീർ
തിരളുമീയുലകത്തെ വെടിഞ്ഞു ഞാൻ
എന്നു് അദ്ദേഹംതന്നെ ആ വസ്തുത വേറൊരിടത്തു് തുറന്നു പ്രസ്താവിച്ചിട്ടുമുണ്ട്. മഹാകവിയുടെ സപ്തതി ദിനാഘോഷ സമ്മേളനത്തിൽവെച്ച് ഈ വസ്തുത അദ്ദേഹം കുറച്ചുകൂടി വ്യക്തമാക്കുകയുംചെയ്തു. “ആരോ പറഞ്ഞു, വള്ളത്തോൾ മരണഭീരുവാണെന്നു്. മരണചിന്തകൾ എൻ്റെ കവിതകളിൽ അധികം കാണാറില്ലാത്തതുകൊണ്ടായിരിക്കാം, ഒരുവിധത്തിൽ ശരിയാണത്. എന്നാൽ, മരണഭീരുത്വത്തിൻ്റെ മറുവശം ജീവിതധീരതയാണല്ലോ എന്നു ഞാൻ അഭിമാനിക്കും. ഈ ലോകം മനുഷ്യനു സുഖമായി, പൗരുഷത്തോടെ ജീവിക്കുവാനുള്ളതാണു്. അതാണു കർമ്മയോഗം. മരണത്തെപ്പറ്റി ചിന്തിച്ചുകഴിയാനുള്ളതല്ല.”
‘തോട്ടത്തിൽവച്ച്’ എന്ന അന്യാപദേശകവിതയിൽ,
വാണീലാ വരവർണ്ണിനീമണികൾതൻ
വാർകുന്തളത്തിൽ സുഖം
വീണീലാ വിധിപോലെ ചെന്നു ഭഗവൽ-
പ്പാദാരവിന്ദങ്ങളിൽ
ക്ഷോണീധൂസരധൂളി പറ്റിയൊളിയും
മങ്ങിക്കിടക്കുന്നതി-
ന്നാണീ ശ്രേഷ്ഠകുലേ പിറന്നതു ഭവാ-
നെന്നോ നറും പുഷ്പമേ!
എന്നു പുഷ്പത്തെ സംബോധന ചെയ്തുകൊണ്ടു പറയുന്ന ഈ ഭാഗത്ത് കവിയുടെ ജീവിതദർശനം ശരിക്കു നിഴലിച്ചിട്ടുണ്ടെന്നാണു് എനിക്കു തോന്നുന്നത്. ശ്രേഷ്ഠവും അപൂർവ്വവുമായ മർത്ത്യജന്മം സിദ്ധിച്ചിട്ടു് അതിനെ അനുഭവപരമായ ജീവിതത്താലോ ത്യാഗപൂർവ്വമായ ജീവിതത്താലോ സഫലമാക്കാത്തവരെപ്പറ്റിയാണല്ലൊ കവി ഇവിടെ അനുശോചിക്കുന്നതു്. ഇതിൽ അനുഭവപരമായ ഒരു ജീവിതത്തെയാണ് കവി അധികം കാംക്ഷിച്ചതും, സ്വകാവ്യങ്ങളിൽ പ്രകാശിപ്പിച്ചതും എന്നേ പറയുവാനുള്ളു.
