പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

ജീവിതനിരൂപണം: മനുഷ്യജീവിതത്തെ – ഐഹിക ജീവിതത്തെ – വളരെയധികം വിലമതിക്കുകയും അഭിലഷിക്കുകയും ചെയ്യുന്ന ഒരു മഹാകവിയാണു വള്ളത്തോൾ. ഒരു കവിയെ പ്രസാദാത്മകനോ വിഷാദാത്മകനോ ആയി മാറ്റുന്നതു സ്വന്തം ജീവിതാനുഭവങ്ങളാണല്ലൊ. ദുസ്സഹമായ ദുഃഖാനുഭവങ്ങൾകൊണ്ടു മനസ്സ് മടുക്കുമ്പോൾ ജീവിതത്തിൽ വിരക്തി തോന്നുക സാധാരണവും സ്വാഭാവികവുമാണു്. നേരേമറിച്ച്, സുഖാനുഭവങ്ങൾ അനുസ്യൂതമായി ലഭിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതകൗതുകം വർദ്ധിച്ചുവരുന്നതും അസാധാരണമല്ല. അധികം ദുഃഖാനുഭവങ്ങൾ കലർന്നിട്ടില്ലാത്ത ഒരു ജീവിതമാണു മഹാകവിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. മറ്റു ചില കവികളുടെ കവിതകൾ പോലെ വള്ളത്തോളിൻ്റെ കവിത വിഷാദാത്മകമാകാതെ പ്രസാദോജ്ജ്വലമായിത്തീർന്നിട്ടുള്ളതും അതുകൊണ്ടു തന്നെ. മനുഷ്യജീവിതം തികച്ചും അനുഭവയോഗ്യമായ ആനന്ദം അനുഭവിക്കാനുള്ള ഒന്നാണെന്നു വിശ്വസിക്കുകയും, ആ മട്ടിൽ ജീവിതത്തെ വീക്ഷിക്കുകയും ചെയ്തിട്ടുള്ള ഒരു മഹാകവിയാണു വള്ളത്തോൾ. ഒരിക്കൽ അദ്ദേഹം ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം ഈയവസരത്തിൽ ശ്രദ്ധേയമാണ്:

”മരിക്കാൻ എനിക്കിഷ്ടമില്ല. എൻ്റെ സമ്മതത്തോടുകൂടി മാത്രമേ മരണദേവത എന്നെക്കൊണ്ടുപോവുകയുള്ളു എന്നാണെങ്കിൽ ഞാൻ ഒരിക്കലും മരിക്കുകയില്ല.” ഫലിതമയമായ ഒരഭിപ്രായമാണിതെന്നുവരികിലും, കവിയുടെ ജീവിതതൃഷ്ണ അതിൽ നിഴലിച്ചിട്ടുണ്ട്. മരണത്തെപ്പറ്റി കേൾക്കുന്നതുതന്നെ മഹാകവിക്കിഷ്ടമല്ല. പിന്നെയാണോ, അതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചുകഴിയുക?