പദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ത്രിമൂർത്തികൾ-വള്ളത്തോൾ

ദേശീയ ഗായകൻ: നാനാമുഖങ്ങളായ വിഷയങ്ങളെപ്പറ്റിയുള്ള നിബന്ധനം പ്രസ്തുത സമാഹാരങ്ങളിൽ അടങ്ങിയിരിക്കുന്നു. പ്രകൃതിവർണ്ണനം, പ്രേമം, സമുദായപരിഷ്ക്കരണം, ദീനാനുകമ്പ എന്നു തുടങ്ങി ലോകത്തിൽ മനുഷ്യബുദ്ധിയെ ഉത്തേജനം ചെയ്തിട്ടുള്ള ഒട്ടനവധി വിഷയങ്ങൾ മഹാകവി തൻ്റെ കവിതയ്ക്കു വിഷയമാക്കിയിട്ടുണ്ട്. അവയിൽ ഓരോന്നിലും അതുല്യമായി അദ്ദേഹം വിജയം നേടിയിട്ടുണ്ട്. എങ്കിലും രാഷ്ട്രകാര്യങ്ങളെ സംബന്ധിച്ച പ്രതിപാദനം വഴിക്കാണു് മഹാകവി ആധുനികലോകത്തിൻ്റെ ശ്രദ്ധയെ കൂടുതൽ ആകർഷിച്ചിട്ടുള്ളതു്. കേരളത്തിൽ ദേശീയഗാനങ്ങൾ ആദ്യമായി രചിച്ചതും, കേരളീയരിൽ രാഷ്ട്രീയപ്രബുദ്ധത വളർത്തിയതുമായ കവി വള്ളത്തോളാണു്. അഥവാ ആധുനികരിൽ അധികംപേരും അദ്ദേഹത്തെ കൊണ്ടാടുന്നതുതന്നെ ഒരു ദേശീയ ഗായകൻ എന്ന നിലയിലാണു്. ഭാരതം രാഷ്ട്രീയമായി ഉണർന്നെഴുന്നേറ്റുതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് മഹാകവിയുടെ കാവ്യരചന അതിൻ്റെ യൗവനാവസ്ഥയിലേക്കു പദംവെച്ചതുടങ്ങിയത്. അന്നു് ബാലഗംഗാധരതിലകൻ, സരോജിനി നായിഡു, മഹാത്മജി തുടങ്ങിയ ദേശീയസേവകർ അവരുടെ സമ്മോഹനമായ ത്യാഗധീരതയാൽ ഭാരതമെങ്ങും ദേശാഭിമാനത്തെ – സ്വാതന്ത്ര്യപ്രേമത്തെ ഉജ്ജ്വലിപ്പിച്ചുകൊണ്ടിരുന്നു. ആ ‘നാഷനലിസ’ത്തിൻ്റെ പ്രചോദനം കേരളത്തിലും വിപ്ലവാത്മകമായ ചില ചലനങ്ങൾ വരുത്തിത്തുടങ്ങുകയും അവ മഹാകവിയെ അതിവേഗം ആകർഷിക്കുകയും ചെയ്തു. സമകാലിക സാമൂഹ്യജീവിതത്തിലെ അന്തർദ്ധാരകൾ ഏതേതെന്നു വിവേചിച്ചറിയുവാനുള്ള ദീർഘദൃഷ്ടിയും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ അന്നത്തെ സജീവമായ ദേശീയപ്രശ്നങ്ങൾ സ്വകാവ്യങ്ങൾക്കു വിഷയമാക്കുവാൻ മഹാകവി സർവ്വഥാ നിർബ്ബന്ധിതനുമായി. എൻ്റെ ഗുരുനാഥൻ, പാരവശ്യം, കാട്ടെലിയുടെ കത്ത്, നമ്മുടെ മറുപടി, ‘നിങ്ങൾതൻ പോക്കു വിപരീതമാക്കൊലാ’ എന്നു തുടങ്ങിയ ഒട്ടുവളരെ ഗാനങ്ങൾ അക്കാലത്തെഴുതിയിട്ടുള്ളവയാണ്. പ്രസ്തുത ഗാനങ്ങളുടെ വശ്യശക്തി രാഷ്ട്ര സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്യുവാൻ ആയിരക്കണക്കിനു്, പതിനായിരക്കണക്കിനു തന്നെ, സന്നദ്ധഭടന്മാരെ കേരളക്കരയിൽ സൃഷ്ടിക്കയുമുണ്ടായി.