ത്രിമൂർത്തികൾ-വള്ളത്തോൾ
പുത്രീവാത്സല്യം കരകവിഞ്ഞു വിശ്വാമിത്രൻ ദുഷ്ഷന്തനെ സംഹരിക്കുവാൻ മുതിരുമ്പോൾ, ശകുന്തള സ്വഭർത്താവിനുവേണ്ടിയുള്ള സാന്ത്വനോക്തികൾക്കിടയിൽ പറയുകയാണ്:
അച്ഛനമ്മമാർ കാലേ വെടിഞ്ഞ നിർഭാഗ്യയെ
സ്വച്ഛന്ദമുപേക്ഷിച്ചാൻ ഭർത്താവുമെന്നേവേണ്ടൂ.
വിശ്വാമിത്രനും തൻ്റെ ഭൂതകാലചരിത്രം മുഴുവൻ ഈ വാക്കുകളിൽക്കൂടി തെളിഞ്ഞു കാണുവാൻ കഴിഞ്ഞു. അദ്ദേഹം സ്വസാഹസത്തിൽനിന്നും സ്വയം പിൻവാങ്ങി. പുത്രിയുടെ സൗശീല്യം നിറഞ്ഞ ആ വാക്കുകൾ കേട്ട് വിശ്വാമിത്രൻ
പറയുകയാണു്:
ഭദ്രം തേ പിടിച്ചെന്നെക്കരേറ്റീ നിൻ സൗശീല്യം.
അങ്ങനെ ക്രോധക്ഷോഭങ്ങളാൽ കോളിളകിമറിഞ്ഞ ആ രംഗം പ്രശാന്തസുന്ദരമായി മാറുന്നു. വിസ്തരഭയത്താൽ ഇതരഖണ്ഡകാവ്യങ്ങളെപ്പറ്റി ഒന്നും പറയാൻ തുനിയുന്നില്ല.
സാഹിത്യമഞ്ജരി: വള്ളത്തോളിൻ്റെ കവനകല ഏറ്റവും മനോജ്ഞമായി കളിയാടുന്നതു് അദ്ദേഹത്തിൻ്റെ ചെറുകവിതകളിലാണു്. മഹാകവി അപ്പോളപ്പോളായി എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത കവിതകൾ സമാഹരിച്ചു ‘സാഹിത്യമഞ്ജരി’ എന്ന പേരിൽ എട്ടു ഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘വിഷുക്കണി’, ‘വീരശൃംഖല’ എന്നീ പേരുകളിൽ വേറെയും ചില സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്താതെയുമിരുന്നിട്ടില്ല. വള്ളത്തോൾക്കവിതയുടെ വിവിധത, നവീനത, സ്വതന്ത്രത എന്നിവ വേണ്ടപോലെ ഗ്രഹിക്കണമെങ്കിൽ സാഹിത്യമഞ്ജരി തുടങ്ങിയ സമാഹാരങ്ങളിൽ കടക്കുകതന്നെ വേണം. വള്ളത്തോളിനെ ഇന്നത്തെ നിലയിൽ വള്ളത്തോളാക്കി ഉയർത്തിയതും, അദ്ദേഹത്തിൻ്റെ കീർത്തിധാവള്യത്തിനു കേരളത്തിനപ്പുറത്തും വ്യാപ്തിവരുത്തിയതും ഈ ലഘുകാവ്യങ്ങളാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല.
