ഇതരകൃതികൾ
“രക്ഷോഗണം പക്ഷിതരക്ഷുജാലം
വൃക്ഷങ്ങളും പക്ഷികൾ കുക്ഷിജാലം
നക്ഷത്രമക്ഷത്രവിപക്ഷപക്ഷ-
ലക്ഷങ്ങളും തൽക്ഷണമത്രകണ്ടാൾ.”
“അചരങ്ങൾ ചരങ്ങളായതും നീ-
യചലബ്രഹ്മചികാസമായതും നീ
ക്വചിദസ്ഫുടരൂപനായതും നീ
ക്വചനപ്രസ്‌ഫുടരൂപനായതും നീ”
എന്നിങ്ങനെയുള്ള ശബ്ദാലങ്കാരങ്ങളും ആരേയും രസിപ്പിക്കുവാൻ പോരുന്നവയത്രേ. കാവ്യലക്ഷണപ്രകാരമുള്ള രസഭാവങ്ങളാൽ പ്രസ്തുതകൃതി അലംകൃതവുമാണു്. നാതി സംക്ഷിപ്തങ്ങളായ സർഗ്ഗങ്ങളും, ശ്രാവ്യങ്ങളായ വൃത്തങ്ങളും മഹാകാര്യലക്ഷണങ്ങളാണെങ്കിൽ അവ സുന്ദരസ്വരൂപമായിത്തന്നെ ഇതിൽ ശോഭിക്കുന്നു. ഇങ്ങനെ നോക്കുന്നതായാൽ ശ്രീകൃഷ്ണചരിതത്തിൽ മഹാകാവ്യത്തിൻ്റെ ലക്ഷണങ്ങൾ മിക്കതും തികഞ്ഞിട്ടുണ്ടെന്നു കാണാവുന്നതാണു്. എങ്കിലും മഹാകാവ്യലക്ഷണങ്ങൾക്കു വൃത്തിവരുത്തി മൂർദാഭിഷിക്തോദാഹരണമായ ഒരു മഹാകാവ്യം ചമയ്ക്കണമെന്നു നമ്പ്യാർക്കു ഉദ്ദേശ്യമുണ്ടായിരുന്നുവെന്നു തോന്നുന്നില്ല. കവിതാഗുണംകൊണ്ടു ശ്രീകൃഷ്ണചരിതത്തെ ജയിക്കുന്നതായി ഉമാകേരളം, കേശവീയം തുടങ്ങിയ മഹാകാവ്യങ്ങൾ അടുത്തകാലത്തു കൈരളിയിൽ ഉത്ഭവിച്ചിട്ടുണ്ടങ്കിലും, ഭാഷയിൽ ആ പ്രസ്ഥാനത്തിൻ്റെ ആദ്യത്തെ മാതൃക ശ്രീകൃഷ്ണചരിതവും, അതിൻ്റെ അവതാരകൻ കുഞ്ചൻനമ്പ്യാരും ആയിരുന്നുവെന്നുള്ളതു ഒരിക്കലും വിസ്മരിച്ചുകൂടാത്തതാകുന്നു.
