ഇതരകൃതികൾ
എന്നുതുടങ്ങി കുമാരോദയാദി വർണ്ണനകൾക്കും സുലഭമായ സ്ഥാനം ഈ കൃതിയിൽ അനുവദിച്ചിട്ടുണ്ടു്. അലങ്കാരാദികൾക്കും കുറവൊന്നുമില്ല. ഗോപസ്ത്രീകൾ കൃഷ്ണൻ്റെ ദുശ്ശീലം മുഴുത്തതുമൂലം യശോദയോട് ആവലാതി പറയുന്ന ഭാഗത്തു്, എത്ര ഹൃദ്യങ്ങളായ അലങ്കാരങ്ങളാണു പ്രയോഗിച്ചിട്ടുള്ളതെന്നു നോക്കുക:-
“ക്ഷീരാദികം വിററു ദിനംകഴിക്കും
നാരീജനങ്ങൾക്കു മനസ്സുമുട്ടി
ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ
പാരിൽപ്പരക്ലേശ വിവേകമുള്ളു.
മൺപാത്രമെന്നല്ല നമുക്കുഭാവം
പൊൻപാത്രമിപ്പോളുടയുന്നതെല്ലാം
സമ്പൽക്ഷയേ സങ്കടമെന്നതോർത്താൽ
സമ്പന്നനും നിർദ്ധനനും സമാനം.”
ലോകപരിചയം ധാരാളം സിദ്ധിച്ചിട്ടുള്ള ഒരു മഹാകവിയിൽനിന്നു പുറപ്പെടേണ്ട ആശയങ്ങളാണിവയെന്നു ആരും തലകുലുക്കി സമ്മതിക്കുന്നതുതന്നെ.
