അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

സുയോധനൻ്റെ വീഴ്ച കൊണ്ടും നമ്പ്യാർക്കു രസം മതിയാവുന്നില്ല.

“സ്വർണ്ണംതരേണം നമുക്കെന്നുചൊല്ലി
കണ്ണും മിഴച്ചങ്ങിരിക്കുന്നനേരം
പൊണ്ണൻമറിഞ്ഞങ്ങു വീഴുന്നകണ്ടാൽ
കണ്ണിന്നുസൗഖ്യം”

എന്നു് ആ അന്തസ്സാരവിഹീനൻ്റെ പതനത്തെ കൈ കൊട്ടി ആർത്തുവിളിച്ചപ്പൊഴെ, രസികാഗ്രഗണ്യനായ നമ്പ്യാർക്കു തൃപ്തിയായുള്ള. ഇങ്ങനെ നമ്പ്യാരുടെ സ്വതഃസിദ്ധമായ പരിഹാസം, നിരങ്കുശത്വം മുതലായവ ഈ ഭാഗങ്ങളിലെന്നപോലെതന്നെ ഈ കൃതിയിൽ സർവ്വത്ര കാണുവാൻ കഴിയും.

ധർമ്മപുത്രരുടെ വകയായി ഭഗവാൻ ദുര്യോധനാദികളെ ഗ്രഹിപ്പിച്ച സന്ദേശഭാഗം അനേകം ലോകനീതികളും ധർമ്മതത്വങ്ങളുംകൊണ്ടു നിബിഡമാണു്.