അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

ഭഗവദ്ദൂത് പതിന്നാലു വൃത്തം

നമ്പ്യാരുടെ ബാല്യകവനങ്ങളിൽ പലതുകൊണ്ടും പ്രാധാന്യത്തെ അർഹിക്കുന്ന ഒരു കൃതിയാണിതു്. ഭഗവാൻ്റെ ദൗത്യം പതിന്നാലുതരം വൃത്തങ്ങളിലായി വർണ്ണിച്ചിട്ടുള്ളതിനാലാണു് ഇതിനു പതിന്നാലുവൃത്തമെന്നപേർ വന്നിട്ടുള്ളതു്. എന്നാൽ മൂന്നും ഒൻപതും വൃത്തങ്ങൾ ഒന്നുതന്നെയാകയാൽ, വാസ്തവത്തിൽ പതിമൂന്നു വിഭിന്നവൃത്തങ്ങൾ മാത്രമേ ഇതിലുള്ളു.

പ്രസ്തുത കൃതിയിൽ ദൂതവാക്യം പ്രബന്ധം, ഭാരതം, ഉദ്യോഗപർവ്വം മുതലായവയിൽ നിന്നു യഥോചിതം പല ഭാഗങ്ങളും തർജ്ജമകളായി ചേർത്തുകാണുന്നുണ്ട്. എന്നാൽ അവ പലതും തർജ്ജമകളായി തോന്നുകയില്ലെന്നു മാത്രമല്ല, തിരിയിൽ നിന്നു കൊളുത്തിയ പന്തം പോലെ നമ്പ്യാരുടെ ചാതുര്യമുള്ള കവിവാണിപ്രയോഗത്തിൽ മൂലത്തേക്കാൾ തേജോമയങ്ങളായി ഭവിക്കയും കൂടി ചെയ്തിരിക്കുന്നു. പരകീയാശയങ്ങളായാലും അവയെ സ്വായത്തമാക്കി അനുഭവ രസത്തോടുകൂടി പ്രയോഗിക്കുവാനുള്ള പ്രതിഭാവിലാസം നമ്പ്യാർക്കു സ്വതഃസിദ്ധമാണു്. പൂർവസൂരികളുടെ കൃതികളിലെ ആശയങ്ങളോട് ഇങ്ങനെ കവിക്കുസിദ്ധിച്ച ദൃഢ പരിചയമാണു് തൻ്റെ പിൽക്കാലത്തെ കൃതികളിൽ പലതിലും പ്രതിബിംബിക്കുവാനും ഇടയായിട്ടുള്ളത്.