പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

എന്നു പരോക്ഷമായ ഹിംസാകൃത്യപ്രേരണവരെ ചെന്നുചേരുന്ന അനാവശ്യമായ ആ അമിതഭാഷണം കൂടാതെ കഴിഞ്ഞിരുന്നെങ്കിൽ പ്രസ്തുത കവിതയുടെ മൂല്യം ഈപ്പോഴത്തേതിലും വളരെ വർദ്ധിക്കുമായിരുന്നു. പണ്ടത്തെ നമ്മുടെ ചില രാജാക്കന്മാർ ചില കവിവാണീപ്രയോഗങ്ങൾക്ക് ‘അക്ഷരലക്ഷ’വും മറ്റും സമ്മാനിക്കുക പതിവായിരുന്നുവെന്നു കേട്ടിട്ടുണ്ട്. വാഴക്കുലയിലെ,

മനതാരിലാശകൾപോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു എന്ന ചിന്താസുന്ദരമായ ഭാവനയ്ക്കും അങ്ങനെ ഒരു സമ്മാനം നല്കുവാൻ ഇക്കാലത്തൊരാളുമില്ലാതെപോയല്ലോ എന്നു് ഈ ഗ്രന്ഥകാരൻ പലപ്പോഴും വിചാരിച്ചുപോയിട്ടുണ്ട്. അത്രമേൽ ആലോചനാമൃതമാണ് ആ പ്രയോഗം.

‘വാഴക്കുല’യിൽ എന്നപോലെതന്നെ ‘രക്തപുഷ്പ’ങ്ങളിലെ മറ്റനേകം കവിതകളിലും കവി ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ സോപഹാസം നിരീക്ഷിക്കുകയും രൂക്ഷാക്ഷരങ്ങളിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ‘കൊടുങ്കാറ്റി’ൽ കവി വിപ്ലവത്തെ സ്വാഗതം ചെയ്യുന്നതു നോക്കുക:

ചെന്നിണം പെയ്തെങ്ങെങ്ങും വിപ്ലവക്കനൽമേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാൽമതിയെന്നോ?
ഒന്നതിങ്ങോട്ടെയ് ക്കെത്തിനോക്കുമ്പോഴേക്കും ത്യാഗ-
തുന്ദിലേ, ഭാരതാംബേ, നീ മുഖം പൊത്തുന്നെന്തേ?
പണ്ടത്തെശ്ശിബികളും ശ്രീരന്തിദേവന്മാരും
കണ്ടിടാനില്ലിന്നെങ്ങും വേനർമാത്രമേയുള്ളു.
സ്വന്തസോദരന്മാർതൻ ഹൃദ്രക്തമൂറ്റിക്കുടി-
ച്ചന്തസ്സിൽ തലപൊക്കുമന്തകന്മാരേയുള്ളു;
പാടത്തു പണിചെയ്യും പട്ടിണിക്കാരെപേർത്തും
പാദത്താൽ ചവുട്ടുന്ന പാപിഷ്ഠന്മാരേയുള്ളു.

ഇങ്ങനെ മുന്നേറുന്നു ആ വാഗ്വർഷം. വ്യക്തിപരമായ ചില അനുഭവങ്ങൾ ഉണ്ടായിട്ടുള്ള കവികൾക്കേ ഹൃദയവേദനപൂണ്ട് ഇത്തരം വരികൾ എഴുതുവാൻ സാധിക്കൂ.