പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

മദനനും ചന്ദ്രികയുമാണ് അതിലെ നായകനും നായികയും. പാശ്ചാത്യക‍ൃതികളാണു് പ്രസ്തുത കാവ്യത്തിൻ്റെ നിർമ്മാണത്തിനു മാതൃകയായിരുന്നിട്ടുള്ളതെങ്കിലും, തികച്ചും സ്വതന്ത്രവും കേരളീയവുമായ ഒരു പശ്ചാത്തലം പടുത്തുയർത്താൻ കവിക്കും ഈ കാവ്യത്തിൽ സാധിച്ചിട്ടുമുണ്ട്. ശോകാത്മകമായ ഒരു പ്രണയകഥ, സംഗീതാത്മകമായ ഒരു ശയ്യ, ഹൃദയഹാരിതയ്ക്ക് ഇതിലധികം മറ്റെന്തുവേണം? കരുണരസം കരകവിയുന്ന ആ പ്രേമകഥ അത്തരം സ്വപ്ന ചിന്തകളിൽക്കൂടി കടന്നു പോകുന്ന അനേകസഹസ്രം യുവതിയുവാക്കൾക്ക് അനുഭൂതിരസവും ആനന്ദവായ്പും നിറഞ്ഞതായിത്തീർന്നതിൽ അത്ഭുതപ്പെടുവാനില്ല.

‘മലരണിക്കാടുകൾ തിങ്ങിവിങ്ങി – മരതകകാന്തിയിൽ മുങ്ങിമുങ്ങി’
‘രമണനും തോഴനും തോളുരുമ്മി – മരതകക്കുന്നുകൾ വിട്ടിറങ്ങി’

എന്നിങ്ങനെ മനോഹരമായി പായുന്ന അകൃത്രിമശൈലിയും,

‘എങ്കിലും ചന്ദ്രികേ ലോകമല്ലേ – പങ്കിലമാനസർ കാണുകില്ലേ?’
‘ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-ക്കരളല്ലേ, നീയെൻ്റെ ജീവനല്ലേ?’

ഈ മട്ടിലുള്ള ആകർഷകങ്ങളായ ആശയങ്ങളും, നാടകീയ സംഭാഷണ രീതിയും എല്ലാം കൂടിക്കലർന്നു് ആ ഗ്രാമീണ വിലാപകാവ്യത്തിൻ്റെ വശ്യത ദശഗുണം വർദ്ധിക്കുകയും ചെയ്തു. ചങ്ങമ്പുഴയുടെ പിന്നീടുള്ള പ്രേമഗാനങ്ങളിൽ പലതിലും രമണനിലെ സാരസ്വതത്തിൻ്റെ ഈ മധുരസ്വരം ഭംഗ്യന്തരേണ ആവർത്തിച്ചാവർത്തിച്ച് അനുരണനം ചെയ്യുന്നതും കേൾക്കാവുന്നതുതന്നെ. മറ്റു കൃതികളിൽ എഴുപത്തഞ്ചുശതമാനവും പ്രസ്തുത കൃതിയുടെ ആവർത്തനങ്ങളോ രൂപഭേദങ്ങളോ മാത്രമാണെന്നു സുകുമാർ അഴീക്കോടു് ഉദാഹരണസഹിതം സമർത്ഥിച്ചിട്ടുള്ളതും ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു. * (‘രമണനും ചങ്ങമ്പുഴയും’ എന്ന കൃതി നോക്കുക.)