ഇടപ്പള്ളിക്കവികൾ
‘ആരു വാങ്ങുമിന്നാരു വാങ്ങുമീ – യാരാമത്തിന്റെ രോമാഞ്ചം’ എന്ന രോമാഞ്ചജനകമായ മധുരസ്വരവും ആലപിച്ചുകൊണ്ടാണു്. അന്നു് ഇരുപതു വയസ്സു തികയാത്ത ഈ കവി കോകിലം ആദ്യമായി കാവ്യരംഗത്തെത്തിയത്. പില്ക്കാലത്തു തികച്ചും സ്വന്തമായിത്തന്നെ സാന്ദ്രസുന്ദരമായ ഒരു ശബ്ദം മലയാളകാവ്യ ലോകത്തിൽ ആ കവിക്ക് ഉയർത്തിപ്പാടുവാനും സാധിച്ചു. മനുഷ്യസഹജമായ ലളിത വികാരങ്ങൾ കോമളകാന്തപദാവലിയാൽ മാദകമായ സംഗീതഭംഗിയോടെ ഒഴുക്കിയിരുന്ന ഈ കവിയെ ‘ഗാനഗന്ധർവൻ’ എന്ന പദത്താൽ സാമാന്യജനങ്ങൾ ഇന്നു സമാരാധിച്ചുപോരുന്നുവെങ്കിൽ അതിൽ അത്ഭുതമൊന്നുമില്ല.
രമണൻ: ചങ്ങമ്പുഴയുടെ കൃതികളിൽ നടുനായകമാണു് രമണൻ. പ്രധാനമായും അദ്ദേഹത്തിൻ്റെ പേരു് ഇതിനോടനുബന്ധിച്ചുമാണു നിലകൊള്ളുന്നതു്. ചങ്ങമ്പുഴയും, രാഘവൻപിള്ളയും ഒരേ ഞെട്ടിൽ വിരിഞ്ഞ രണ്ടു കുസുമങ്ങളായിരുന്നുവെന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ. രാഘവൻപിള്ള സമുദായനീതികളെ നോക്കാതെ ഒരു യുവതിയുമായി ഹൃദയബന്ധം പുലർത്തിവന്നു. ദൃഢനിശ്ചയത്തോടുകൂടി അവൾ തന്നിൽ പ്രേമാർപ്പണം ചെയ്തിട്ടുള്ളതായി അദ്ദേഹം വിശ്വസിച്ചു. എന്നാൽ അവസരം വന്നണഞ്ഞപ്പോൾ അവൾ ആഭിജാത്യത്തിൻ്റെ ആജ്ഞാശക്തിക്കു വശംവദയായിത്തീർന്നു. ആദർശപ്രേരിതയായി താൻ ബലിചെയ്യാൻ നിശ്ചയിച്ചിരുന്ന പ്രേമം അതിനുള്ളതല്ലെന്നും, സുഖിക്കാൻ- അനുഭവിപ്പാനുള്ളതാണെന്നും ഉള്ള ബോധ്യത്തോടെ അവളതു് ‘സമധനവംശജനാ’യ മറ്റൊരുവനിലേക്കു മാറ്റിപ്രതിഷ്ഠിച്ചു. സമുദായം തനിക്കു താങ്ങായി നിന്നില്ലെന്നുള്ള പരാതിയും നിരാശതയും നിറഞ്ഞ രാഘവൻപിള്ള അടുത്ത നിമിഷത്തിൽ ഒരു കയർത്തുമ്പിനെ അഭയം പ്രാപിച്ചു. അങ്ങനെ ആ വിഷാദചിത്തൻ ഇങ്ങിനിവരാതവണ്ണം മറയുകയും ചെയ്തു.
ആശാഭംഗത്താൽ തകർന്ന ആ മുരളിയുടെ, തൻ്റെ ബഹിശ്ചരപ്രാണനായിരുന്ന രാഘവൻപിള്ളയുടെ, പ്രണയകഥയാണു് സഹജാനുഭൂതിയോടും ഭാവനാവിലാസത്തോടുംകൂടി നാടകീയമായി കവി രമണനിൽ ചിത്രീകരിച്ചിരിക്കുന്നതു്.
