ആധുനികയുഗം
തെളിവൊടിത മുററമൊക്കെയും
കളിയാടീടിന കൊച്ചുപൈതലാൾ
ഒളിവായിതു, താലിയറെറാര-
ർഗ്ഗളമൊക്കുന്നതിശൂന്യമിസ്ഥലം.
എന്നിങ്ങനെയുള്ള പദ്യങ്ങൾ നോക്കുക. 1903-ാ മാണ്ടിനടുത്തു വിരചിതങ്ങളായ പ്രസ്തുത വിലാപകാവ്യങ്ങൾ രണ്ടും ഈ ശാഖയിലെ ആദ്യത്തെ കൃതികൾ എന്ന ബഹുമതിയെ അർഹിക്കുന്നു.
മേൽപ്പറഞ്ഞ രണ്ടു കാവ്യങ്ങൾക്കും മുമ്പായി വിരചിതമായ ഒരു വിലാപ കാവ്യത്തെപ്പറ്റി പറയുവാൻ വിട്ടുപോയി. നടുവത്തു് അച്ഛൻനമ്പൂതിരി, തൻ്റെ ദ്വിതീയപുത്രൻ്റെ അപ്രതീക്ഷിതമായ ചരമത്തിൽ അതീവദുഃഖിതനായിത്തീർന്നു് 20 ശ്ലോകങ്ങൾ എഴുതി രണ്ടുതവണയായി മലയാളമനോരമയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1675-ലാണ് ഈ സംഭവം.
കൃത്യങ്ങൾ വേണ്ടതനുവാസരമോതുവാനായ്
പ്രത്യേകമോർത്തരികിലുണ്ണിയെ ഞാൻ വിളിച്ചാൽ
അത്തവ്വിലൊത്ത പണിതീർത്തു തെളിഞ്ഞു ചാര-
ത്തെത്തുന്നൊരെൻ്റെ മകനെന്നെ വെടിഞ്ഞുവല്ലോ?
കാണാതെ കാൽക്ഷണമിരിക്കുകിലപ്പൊഴേറെ-
ക്കേണീടുമങ്ങനെയിരുന്ന കുമാരനിപ്പോൾ
പ്രാണൻ വെടിഞ്ഞു പരലോകമണഞ്ഞു ഞാനോ
ഞാണറ്റ വില്ലിൻ കിടയ്ക്കു കിടന്നിടുന്നു.
