പദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ആധുനികയുഗം

വിശ്വരൂപം: വി. സി. തൻ്റെ 24-ാമത്തെ വയസ്സിൽ എഴുതിയ ഒരു കാവ്യതല്ലജാണു വിശ്വരൂപം. കവനകൗമുദിവഴിക്കാണ് അതും പുറത്തുവന്നതു്. കവി, കോഴിക്കോട്ടു കടപ്പുറത്തു് ഏകാകിയായി ഒരു സായാഹ്നത്തിൽ വിശ്വപ്രകൃതിയെ നോക്കിനില്ക്കുമ്പോൾ ഉണ്ടായ ചില ഭാവനാവ്യാപാരങ്ങളാണു് അതിലെ പ്രതിപാദ്യം. ”ഭാവനാശക്തിക്കിരിപ്പിടമായ ഒരു കവിയുടെ അന്തരംഗം പ്രകൃതിയുടെ അനന്തസൗന്ദര്യത്തിൽ ആകണ്ഠം മുഴുകിക്കിടക്കുമ്പോൾ ഒരാവേശം കൊണ്ടെന്നപോലെ ഏകതാനനായ് സ്ഥിതിചെയ്യുകയും, തത്സന്ദർഭങ്ങളിൽ പ്രാപഞ്ചികസ്ഥിതി ഒരു മിന്നൽപ്പിണർപോലെ മനസ്സിൽക്കൂടി പാഞ്ഞുപോകയും ചെയ്യുന്നു.” അതിൻ്റെ ഒരു ബഹിർപ്രകാശനമാണു വിശ്വരൂപം. ആദ്യന്തം ഉല്ലേഖകല്ലോലിതമാണ് പ്രസ്തുത കൃതി. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം:

”അങ്ങോട്ടു നോക്കുക, ചുവപ്പു, വെളുപ്പു, പച്ച-
യെന്നീ നിറങ്ങളിടതിങ്ങിയൊരംബരാന്തം
ചെന്താരുമാമ്പലുമൊരേസമയം വിരിഞ്ഞു-
പൊന്തുന്ന പൊയ്കയുടെ ചന്തമിയന്നിടുന്നോ?”

“ലോകൈകശിപ്പി, രജനീവനിതയ്ക്കു ചാർത്താൻ
നക്ഷത്രമാല പണിചെയ്യുവതിന്നുവേണ്ടി
സൗവർണ്ണപിണ്ഡമതുരുക്കിയെടുത്തു നീരിൽ
മുക്കുന്നിതാ തപനമണ്ഡല കൈതവത്താൽ ”