ത്രിമൂർത്തികൾ-കുമാരനാശാൻ
ലീലയിൽ,
കരുതുവതിഹ ചെയ്യവയ്യ ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം;
പരമഹിതമറിഞ്ഞുകൂട, യായു –
സ്ഥിരതയുമില്ല, തിനിന്ദ്യമീ നരത്വം?
എന്നു പറയുന്നിടത്തു ലീലയുടെ ചരിതത്തെ എന്നപോലെ മനുഷ്യവർഗ്ഗത്തിൻ്റെ മുഴുവൻ അനുഭവത്തേയും നമ്മുടെ മുമ്പിൽ വെക്കുകയാണു്. ഇവിടെ നൈരാശ്യത്തിൻ്റെ സന്ദേശമല്ല, ജീവിതത്തിൻ്റെ പാരമാർത്ഥികതയാണു വെളിപ്പെടുത്തുന്നത്. ആശാൻ്റെ കവിതയുടെ മഹത്തായ മെച്ചം, ഇങ്ങനെ മനുഷ്യജീവിതത്തിൻ്റെ അസ്ഥിരതയെ അനുഭൂതിപരമായി വെളിപ്പെടുത്തി ആദ്ധ്യാത്മിക സൗന്ദര്യദിദൃക്ഷയിൽ സഹൃദയരെ പ്രേരിപ്പിക്കുക എന്നുള്ളതുമാണ്. ക്ഷണപ്രഭാചഞ്ചലമായ ഈ ജീവിതത്തിലെ സുഖഭോഗങ്ങളെ സാരമായി ഗണിക്കുന്നവരുടെ നിലയെ കവി സാനുകമ്പം സമീക്ഷിക്കുന്നതു നോക്കുക:
അഹഹ! സങ്കടമോർത്താൽ മനുഷ്യജീവിതത്തേക്കാൾ
മഹിയിൽ ദയനീയമായ് മറെറന്തോനുള്ളു !
പുഷ്ടശക്തിവഹിക്കുമിപ്പളുങ്കുപാത്രം വിരലാൽ
മുട്ടിയാൽ മതി, തവിടുപൊടിയാമല്ലോ!
