പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

മരണാനന്തരജീവിതത്തെപ്പറ്റി ആശാൻ്റെ ചില നവീനന്മാരുടെ സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അവ ഒന്നിലും അദ്ദേഹത്തിനു വിശ്വാസമുള്ളതായി തോന്നുന്നില്ല. ആത്മാവിൻ്റെ അനശ്വരത്വത്തിൽ ആശാൻ പൂർണ്ണവിശ്വാസം പ്രദർശിപ്പിക്കുന്നുമുണ്ട്. ജീവിതം മരണത്തോടുകൂടി, കെട്ട ദീപം പോലെ പൊലിഞ്ഞുപോകുന്നുവെന്നുള്ള ചാർവ്വാകസിദ്ധാന്തത്തെ, കവി, പ്രരോദനത്തിൽ വിമർശിക്കുന്നതു നോക്കുക:

ചൊല്ലാം തീയുടെ തീക്ഷ്‌ണദന്തമണയാതത്യന്തസൂക്ഷ്മാഗമായ്
തെല്ലാശാസ്പദതത്ത്വമങ്ങു ‘തടി’യിൽ ശേഷിക്കുമെക്കാലവും
അല്ലാഞ്ഞാൽ നരവാഴ്ചയല്ല, ഭുവനം താനും വൃഥാരംഭമാ-
മില്ലാതാം വില കണ്ണുനീരിനു മതിന്നാർക്കാനുമോർക്കാവതോ?

ഐഹികവാസത്തിൻ്റെ മാഹാത്മ്യത്തിൽ, ആശാൻ ഒരു വേദാന്തിയെപ്പോലെ നിസ്സാരത പ്രകടിപ്പിക്കുന്നതായിട്ടാണു കണ്ടുവരുന്നതു്. പ്രപഞ്ചജീവിതത്തിൻ്റെ കഷ്ടതകളും അവശതകളും തന്നെയാണു് ആശാൻ്റെ കവിതകളിൽ ചിത്രീകരിച്ചിട്ടുള്ളതെന്നു പറയാം എന്നാൽ അദ്ദേഹത്തിൻ്റെ കവിതകളിൽ കാണുന്ന വിഷാദാത്മകത്വത്തിനും, ഇന്നത്തെ പല യുവകവികളിലും കണ്ടുവരുന്ന വിഷാദാത്മകത്വത്തിനും തമ്മിൽ വലിയ അന്തരമുണ്ടെന്നുകൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്. ഇന്നത്തെ യുവകവികളിൽ പലരും ‘മരണദിനത്തിൻ്റെ മണി മുഴക്കം’ സഹർഷം സ്വാഗതം ചെയ്യുന്നതും മറ്റും, ജീവിതാശയുടെ കിരണകന്ദളം പ്രകാശിച്ചുകാണായ്കകൊണ്ടുമാത്രമാണ്. അതിനാൽ അവർ ലോകത്തിനു നല്കുന്ന ആദർശവും, ജന്മത്തെ പാഴാക്കിത്തീർക്കുന്ന നിരാശയുടേതുതന്നെ. എന്നാൽ ആശാനാകട്ടെ, നിരാശതാപരകോടിയായ നിർവ്വേദത്തെയല്ല, ലോകത്തിൻ്റെ ക്ഷണികതയെക്കുറിച്ചുള്ള ഒരു ജഗദ്‌ഗുരുവിൻ്റെ സന്ദേശമാണു നല്കുന്നത്. “ആശാൻ ദുഃഖം വർണ്ണിച്ചിട്ടുണ്ടെങ്കിൽ അതു ലോകത്തിലെ കഷ്ടപ്പാടുകളുടെ ഒരു പട്ടിക ഹാജരാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയല്ല. നേരെമറിച്ച്, മാനുഷചൈതന്യത്തിൻ്റെ ഉച്ചകോടിയെ അനാവരണം ചെയ്യണമെന്നുള്ള മഹനീയാദർശത്തോടുകൂടിയാണു്. അദ്ദേഹത്തിൻ്റെ കൃതികളിൽ സന്താപസങ്കുലമായ ജീവിതം, ലോകത്തെ സർവ്വ ശക്തികളോടുകൂടി ശപിക്കുന്ന നാറിപ്പൊളിഞ്ഞ ‘റിയലിസത്തിനു പകരം, മനുഷ്യൻ്റെ ആത്മശക്തിയെ ഉത്തേജിപ്പിക്കുന്ന അത്യുജ്ജ്വലമായ ‘ഐഡിയലിസമാണു. ഉദാഹരിച്ചിട്ടുള്ളതെന്ന് അല്പമാലോചിച്ചാലറിയാം.” ഇതുതന്നെയാണ് ഈ ഇരുകൂട്ടരും തമ്മിലുള്ള പ്രധാന അന്തരവും.