ത്രിമൂർത്തികൾ-കുമാരനാശാൻ
ദുരവസ്ഥയിൽ ഈ ആശയം മറെറാരു പ്രകാരത്തിൽ പ്രതിഫലിപ്പിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്.
അന്തണനെ ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിർമ്മിച്ചു ചെറുമനേയും
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കു മുറവുകളും
ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്തുധർമ്മമേ ജാതിമൂലം
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാർ
എത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും
ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ്
കേരളമാതാവേ, നിൻവയറ്റിൽ
……………………………………………………………
വെട്ടിമുറിച്ചാലും വേർപെടുന്നില്ലല്ലൊ
കഷ്ടമിജ്ജാതിയാം നൂലാമാലാ
ഹന്തയിജ്ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ!
ഹൃദയമുള്ള ഒരുവൻ്റെ സിരാചക്രത്തെ തുടിപ്പിക്കുവാൻ ഈ ഭാഗങ്ങൾ സർവ്വഥാ ശക്തിയുള്ളവതന്നെ. ദേശീയബോധവും സ്വരാജ്യസ്നേഹവും വർദ്ധിച്ചുവരുന്ന ആധുനികകാലത്ത് ശിഥിലീഭവിച്ചിരിക്കുന്ന ഭാരതീയജനസമുദായങ്ങളുടെ പുനഃസംഘിനയ്ക്കു പ്രേരകമായിത്തീരത്തക്കവിധം ദേശീയോൽഗ്രഥനത്തിനു പ്രത്യൗഷധമായി നിർമ്മിച്ചിട്ടുള്ള പ്രസ്തുത കൃതികൾ രണ്ടും, കാലോചിതമായ ഒരു സാഹിത്യ പ്രസ്ഥാനമായിത്തന്നെ വിരാജിക്കുമെന്നുള്ളതിൽ സംശയമില്ല.
