ത്രിമൂർത്തികൾ-കുമാരനാശാൻ
ഒരു കലാലോകത്തെ ക്രമേണയുള്ള പരിണാമംകൊണ്ടല്ല, ഉടനടിയുള്ള വിപ്ലവം കൊണ്ടു മാത്രമേ സൃഷ്ടിക്കാനാവൂ എന്നഭിപ്രായപ്പെടുന്ന ഭൂതകാലവൈരുദ്ധ്യമായ ഫ്യൂച്ചറിസ്റ്റ് – ഭാവിസംവിധായക പ്രസ്ഥാനമാണ്, ആശാൻ പ്രസ്തുത കാവ്യംവഴി കേരളസാഹിത്യത്തിൽ ആരംഭിച്ചത്. ഇന്നത്തെ സാമുദായിക പ്രശ്നങ്ങൾക്കു് – അവശതകൾക്കു് പ്രായോഗികമായ ഒരു പരിഹാരമാർഗ്ഗംതന്നെയാണ് ദുരവസ്ഥ എന്നു പറയുവാൻ ആരും മടിക്കേണ്ടതില്ല. പുതിയ ലോക സൃഷ്ടിയിൽ ഇത്തരം കവിതകളാണ് ഉത്തമസഹായമായിത്തീരുവാൻ ഇടയുള്ളത്. സാവിത്രി അന്തർജ്ജനവും ചാത്തൻ പുലയനുമായുള്ള പരിണയം, അഭൂതപൂർവ്വവും ആശ്ചര്യജനകവുമായി ഇപ്പോൾ തൊന്നാമെങ്കിലും, കാലചക്രത്തിരിപ്പിൽ അത് ഒരു സാധാരണ സംഭവമായിത്തീരാവുന്നതുതന്നെയാണു്. ആചാരപരിഷ്ക്കാരങ്ങളുടെ ആവശ്യകതയെ ആസ്പദമാക്കി കവി ഉദ്ബോധിപ്പിക്കുന്നതു നോക്കുക:
കാലം വൈകിപ്പോയി കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി
കെട്ടിനിറുത്താൻ കഴിയാതെ ദുർബ്ബല-
പ്പെട്ട ചരടിൽ ജനത നില്ക്കാ,
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ
മാറെറാലിക്കൊണ്ടീമൊഴിതന്നെ സർവ്വദാ
കാറ്റിരമ്പുന്നിന്നു കേരളത്തിൽ.
