പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

1923 ലാണു ദുരവസ്ഥ പ്രസിദ്ധീകൃതമായത്. അതിനു വളരെ മുമ്പുതന്നെ കേരളത്തിലെ സാമൂഹ്യനീതിയുടെ നേരെ ആശാൻ തൻ്റെ പ്രതിഷേധം പുറപ്പെടുവിക്കാതിരുന്നില്ല. 1908-ൽ എഴുതിയ ‘ഒരു തീയക്കുട്ടിയുടെ വിചാരം’ എന്ന കവിത അതിനു് ഒരു ദൃഷ്ടാന്തമാണു്. 1919-ൽ എഴുതിയ സിംഹനാദത്തിൽ ആ പ്രതിഷേധ സ്വരം സമരത്തിനു പറയടിക്കുന്നതുപോലെ ഊർജ്ജസ്വലമായി മുഴങ്ങുകയും ചെയ്യുന്നു. നോക്കുക:

ഉണരിനുണരിനുള്ളിലാത്മശക്തി-
പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ!
രണപടഹമടിച്ചു ജാതിരക്ഷ-
സണവൊരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ!

ദുരവസ്ഥയിലാണു് സാമുദായികമായ ഈ അസമത്വങ്ങളുടെ നേരെയുള്ള പ്രതിഷേധം കവി അതിൻ്റെ മൂർദ്ധന്യതയിൽ പ്രകാശിപ്പിച്ചിട്ടുള്ളതു്. കലാദൃഷ്ട്യാ ദുരവസ്ഥയ്ക്ക് അപകർഷ‌മാണു സംഭവിച്ചിട്ടുള്ളതെന്നും ചിലർ പറയാറുണ്ട്. അത്തരക്കാർ യഥാഭാവ്യമായ സമുദായപരിഷ്കാരത്തിൽ പുരികംചുളിക്കുന്ന പുരോഭാഗികളായിരിക്കാനേ തരമുള്ളു. മനുഷ്യരാശിയുടെ പുരോഗതിക്കെതിരായി സാമൂഹ്യ ജീവിതത്തിൽ നിലകൊള്ളുന്ന കരുത്തുറ്റ മാമൂലുകളെ തട്ടിത്തെറിച്ചിച്ച് അനീതിക്കെതിരായി ഒരു സാംസ്കാരിക വിപ്ലവം മുഴക്കിയിരിക്കയാണു്, ആശാൻ അവസ്ഥയിൽ എന്നതാണ് സത്യം.