പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

ദുരവസ്ഥ: ആശാൻ്റെ ആദ്ധ്യാത്മിക ചിന്താഗതികളെ പ്രകടീകരിക്കുന്ന പ്രധാന കൃതികളെപ്പറ്റിയാണു് ഇതേവരെ പ്രസ്താവിച്ചതു്. ജീവിതത്തിൻ്റെ ശാശ്വതികങ്ങളായ വിവിധഭാവങ്ങളെ ആവിഷ്കരിക്കുവാൻ ആശാനെപ്പോലെ മലയാളത്തിൽ മറെറാരു കവിയും മുതിർന്നിട്ടില്ല. ആശാൻ അതിൽ അജയ്യനുമാണു്. എന്നാൽ സാമൂഹ്യ ജീവിത വീക്ഷണത്തിലേക്കും ആശാൻ്റെ ദൃഷ്ടി വേണ്ട പോലെ പതിയാതിരുന്നില്ല. ഭാരതത്തിൽ പൊതുവേയും കേരളത്തിൽ പ്രത്യേകിച്ചും, ഒരു ശാപമായിത്തീർന്നിട്ടുള്ള ജാതിപ്രഭാവം ആശാനു് പലപ്രകാരത്തിലും ദുസ്സഹമായി അനുഭവപ്പെട്ടിരുന്നു. എസ്. എൻ. ഡി. പി. സംഘടനയുടെ കാര്യദർശി എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന കവിയിൽ, ജാതി സംബന്ധമായ ദുരനുഭവങ്ങൾകൊണ്ടുള്ള വികാരങ്ങളും ചിന്താഗതികളും ശക്തിമത്തായി ഉയർന്നുവരുവാനും ഇടയായിട്ടുണ്ട്. ആവിധത്തിലെല്ലാം തൻ്റെ അന്തരാത്മാവിൽ ചുറ്റിപ്പറ്റിനിന്നിരുന്ന അനുഭവപരമായ ആ വികാരവിചാരങ്ങൾ ആവിഷ്കരിക്കുവാൻ 1922-ൽ നടന്ന മലബാർലഹള ഒരവസരം നല്കുകയും ചെയ്തു. അങ്ങനെയാണു കേരളത്തിലെ ഒന്നാമത്തെ ഫ്യൂച്ചറിസ്റ്റ് കാവ്യമായ ദുരവസ്ഥ ഉടലെടുത്തത്. യഥാഭൂതമായ ഒരു ലോകത്തെയല്ല, യഥാഭാവ്യമായ ഒരു ലോകത്തെയാണു ഭാരതത്തിലും കേരളത്തിലും കെട്ടിപ്പടുക്കേണ്ടതെന്നും, അതെങ്ങനെയെന്നും, കവി ഈ കാവ്യം വഴി ഉദ്‌ബോധിപ്പിക്കുന്നു.