പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

പ്രരോദനം: പണ്ഡിതപ്രകാണ്ഡവും കവിയുടെ ഉത്തമ മിത്രവുമായ ഏ.ആർ. രാജരാജവർമ്മയുടെ ദേഹവിയോഗത്തെ അനുസ്മരിച്ചെഴുതിയ ഒരു വിലാപകാവ്യമാണു പ്രരോദനം. വികാരത്തേക്കാൾ വിചാരത്തിനാണു കവി ഇതിൽ കൂടുതൽ സ്ഥാനം നല്കിയിട്ടുള്ളത്. ശ്മശാനസ്ഥലമാകുന്ന അദ്ധ്യാത്മവിദ്യാലയത്തിൽ വച്ച് കഥാപുരുഷൻ്റെ ദേഹവിയോഗത്തിൽ അനുശോചിക്കുവാൻ അവിടെ വന്നെത്തിയിട്ടുള്ള സകല അമർത്ത്യമർത്ത്യരേയും ജീവിതമരണങ്ങളുടെ സമഗ്രമായ ഉപപാദനംകൊണ്ട് മഹാകവി സാന്ത്വനം ചെയ്‌വാൻ ശ്രമിക്കുന്നു.

ലോകം നിത്യചലം; വൃഥാ മൃതിഭയം തോന്നുന്നു മാറ്റങ്ങളിൽ;
പാകത്തിൽ പൊരുളൊന്നുതന്നെ, പലതാമദ്ദേശകാലങ്ങളിൽ;
ഏകവ്യാകുലവിശ്വചക്രപടലം ധർമ്മാക്ഷദണ്ഡത്തിൽനി-
ന്നാകല്പം ചുഴലുന്നു, തദ്ഗതി തടുപ്പാനില്ല കൈയാർക്കുമേ!

ഒടുവിൽ, അഖണ്ഡവിശ്രമസുഖം നല്കുന്ന ഏകാന്താദ്വയശാന്തിഭൂവിനു വീണ്ടും വീണ്ടും നമസ്കാരം പറഞ്ഞുകൊണ്ട് കവി കാവ്യം സമാപിപ്പിക്കുകയും ചെയ്യുന്നു.